‘ഞങ്ങളെ സഹായിക്കൂ, താലിബാന്‍ വരുന്നു’; മുള്ളുവേലിക്ക് അപ്പുറത്തേക്ക് കുട്ടികളെ എറിഞ്ഞുകൊടുത്ത് അഫ്ഗാൻ സ്ത്രീകൾ

കാബൂള്‍:
താലിബാന്‍ ഭരണത്തിൽ നിന്ന് രക്ഷനേടാൻ ആളുകൾ കഴിഞ്ഞ കുറച്ചു ​ദിവസങ്ങളായി ശ്രമിക്കുന്ന കാഴ്ചകളാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഇപ്പോള്‍ രക്ഷതേടി അമേരിക്കന്‍ സൈനികരോട് അഭ്യര്‍ഥിക്കുന്ന അഫ്ഗാനികളുടെ ദൃശങ്ങളാണ് പുറത്തുവരുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ മുള്ളുവേലിക്കും ഗേറ്റിനുമപ്പുറം നിന്ന് യുഎസ്, യു.കെ സൈനികരോട് സഹായത്തിനായി നിലവിളിക്കുകയാണ് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ളവര്‍.

രക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുള്ളുവേലിക്ക് അപ്പുറത്തേക്ക് കുട്ടികളെ എറിഞ്ഞുകൊടുക്കുന്ന സ്ത്രീകളെ കാണുന്ന തങ്ങളുടെ സൈനികര്‍ രാത്രിയില്‍ എങ്ങനെ കരയാതിരിക്കുമെന്ന് മുതിര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗേറ്റിന് പുറത്ത് നിന്ന് സ്ത്രീകള്‍ സഹായത്തിനായി കരയുന്നതും സൈന്യത്തോട് അകത്തേക്ക് പ്രവേശിപ്പിക്കാന്‍ അപേക്ഷിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ‘ഞങ്ങളെ സഹായിക്കൂ, താലിബാന്‍ വരുന്നു’ എന്ന് സ്ത്രീകള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

ഇതിനിടയില്‍, രാജ്യംവിടുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്കുമുമ്പില്‍ ബ്രിട്ടന്‍, കാനഡ, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ അതിര്‍ത്തി തുറന്നിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ പുനരധിവാസ പദ്ധതിപ്രകാരം 20,000 അഫ്ഗാനികള്‍ക്ക് അഭയം നല്‍കുമെന്ന് ബ്രിട്ടന്‍ പറഞ്ഞു. എന്നാല്‍ ഓസ്ട്രേലിയ, ഉസ്‌ബെക്കിസ്താന്‍ അടക്കമുള്ള രാജ്യങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ വിമുഖത അറിയിച്ചു. അഭയാര്‍ഥിപ്രവാഹം കണക്കിലെടുത്ത് തുര്‍ക്കി, ഇറാന്‍ അതിര്‍ത്തിയില്‍ പട്രോളിങ് കര്‍ശനമാക്കി. കൂടുതല്‍ സൈനികരെ അതിര്‍ത്തിയിലേക്കയച്ചു.