‘മാധ്യമ അന്വേഷണങ്ങളോട് ഇനി പ്രതികരിക്കില്ല, സോഫ്റ്റ്‌വെയർ ദുരുപയോഗപെടുത്തിട്ടുണ്ടോ എന്നത് അന്വേഷിക്കും’; എൻ എസ് ഓ ഗ്രൂപ്പ്

ന്യൂ ഡൽഹി:
ഇസ്രായേൽ കമ്പനിയായ എൻ എസ് ഓ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച മന്ത്രിമാരും, മാധ്യമപ്രവർത്തകരും, ആക്ടിവിസ്റ്റുകളും ഉൾപ്പടെ നിരവധി പ്രമുഖരുടെ ഫോൺ നമ്പറുകൾ ചോർത്തപ്പെട്ടതായി കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. സംഭവത്തിൽ പ്രതികരണവുമായി എൻ എസ് ഓ ഗ്രൂപ്പ് രംഗത്തെത്തി.

ഈ വിഷയത്തിലുള്ള മാധ്യമ അന്വേഷണങ്ങളോട് പ്രതികരിക്കില്ലെന്ന് എൻ എസ് ഓ ഗ്രൂപ്പ് അറിയിച്ചു.

“ആസൂത്രിതമായ, വസ്തുതകളെ പൂർണമായും അവഗണിച്ച മാധ്യമ പ്രചാരങ്ങളോടും അന്വേഷണങ്ങളോടും ഇനി പ്രതികരിക്കില്ല. നികൃഷ്ടവും അപവാദവുമായ പ്രചാരണത്തിനൊപ്പം നിൽക്കാൻ കഴിയില്ല” – എൻ‌എസ്‌ഒ

ചർച്ച ചെയ്യപ്പെടുന്ന ഈ നമ്പറുകളുടെ പട്ടിക പെഗാസസിന്റെ ടാർഗെറ്റുകളുടെ പട്ടികയല്ലെന്നും കമ്പനി ആവർത്തിച്ചു. ലിസ്റ്റിലെ നമ്പറുകൾ ഒരു വിധത്തിലും എൻ‌എസ്‌ഒ ഗ്രൂപ്പുമായി ബന്ധപ്പെട്ടതല്ലെന്നും അത്തരത്തിലുള്ള അവകാശവാദങ്ങൾ തെറ്റാണെന്നും കമ്പനി പറഞ്ഞു.

പെഗാസസിന്റെ ദുരുപയോഗവുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ, അത് അന്വേഷിക്കുമെന്നും ഏതെങ്കിലും രീതിയിലുള്ള ദുരുപയോഗം കണ്ടെത്തിയാൽ സിസ്റ്റം പ്രവർത്തനരഹിതമാകുമെന്നും എൻ‌എസ്‌ഒ ഗ്രൂപ്പ് കൂട്ടിച്ചേർത്തു