ലോകാരോഗ്യ സംഘടനയുടെ രണ്ടാം ഘട്ട അന്വേഷണവുമായി സഹകരിക്കില്ലെന്ന് ചൈനീസ് സർക്കാർ

കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ രണ്ടാം ഘട്ട അന്വേഷണത്തിൽ പങ്കെടുക്കില്ലെന്ന് ചൈനീസ് സർക്കാർ. വുഹാൻ ലാബിൽ നിന്ന് വൈറസ് ചോർന്നതിന്റെ സാധ്യത നിർദ്ദേശത്തിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് തീരുമാനം.

“അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിലും ലാബ് ചോർച്ച ഗവേഷണ ലക്ഷ്യമായി ഉൾപെടുത്തിയിരിക്കുന്നതിൽ ആശ്ചര്യം തോന്നി. ലോകാരോഗ്യ സംഘടനയുടെ ഇത്തരത്തിലുള്ള നീക്കം സാമാന്യബുദ്ധിയെ മാനിക്കുന്നില്ല, ഇത് ശാസ്ത്രത്തിന് എതിരാണ്. അത്തരമൊരു പദ്ധതി ഞങ്ങൾക്ക് സ്വീകരിക്കാനാവില്ല.” – സെങ് യിക്സിൻ (ദേശീയ ആരോഗ്യ കമ്മീഷൻ ഡെപ്യൂട്ടി ഹെഡ്)

കോവിഡ് -19 കേസുകൾ രേഖപ്പെടുത്തുന്നതിനു തൊട്ടുമുമ്പ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ നിരവധി തൊഴിലാളികൾ രോഗബാധിതരായി എന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വാദത്തോടും സെങ് പ്രതികരിച്ചു.
“ഡബ്ല്യുഐവിയിലെ ഒരു തൊഴിലാളിയോ ഗവേഷകനോ കൊറോണ വൈറസ് ബാധിച്ചിട്ടില്ല” – സെങ് പറഞ്ഞു.

കോവിഡ് -19 ന്റെ ഉത്ഭവുമായി ബന്ധപ്പെട്ട മാർച്ചിൽ നടത്തിയ അന്വേഷണ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടന ഒരു പ്രാഥമിക റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. 2019 ഡിസംബറിൽ മനുഷ്യരിലേക്ക് പടരുന്നതിനുമുമ്പ് മൃഗത്തിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.