അഞ്ചല്‍ ഉത്രാവധക്കേസ്: സൂരജിന്റെ വിധി ഇന്നറിയാം; വധശിക്ഷ തന്നെ ആവശ്യപ്പെടുമെന്ന് പ്രോസിക്യൂഷന്‍

കൊല്ലം: അഞ്ചല്‍ ഉത്രവധക്കേസില്‍ ശിക്ഷാവിധി ഇന്നറിയാം. കേസില്‍ നിര്‍ണ്ണായകമായ വിധി പ്രഖ്യാപിക്കുന്നത് സെഷന്‍സ് കോടതിയാണ്. സൂരജ് ചെയ്തത് കൊടും കുറ്റകൃത്യമെന്ന് ഉത്ര വധക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് പറഞ്ഞു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് താന്‍ മറ്റൊരു കേസിലും ആവശ്യപ്പെട്ടിട്ടില്ലെന്നും, നിയമപരമായ ബാദ്ധ്യതയാണ് നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഴുതടച്ച അന്വേഷണമാണ് പ്രതി ചെയ്ത കുറ്റകൃത്യം തെളിയിക്കാന്‍ സഹായിച്ചതെന്നും ജി മോഹന്‍രാജ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ സൂരജിനുള്ള ശിക്ഷ കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ഇന്ന് രാവിലെ 11ന് വിധിക്കും.

സൂരജ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. രണ്ടുതവണ അണലിയെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട സൂരജ്, മൂന്നാം തവണ മൂര്‍ഖനെ ഉപയോഗിച്ചാണ് കൊല നടത്തിയത്.അപൂര്‍വങ്ങളില്‍ അപൂര്‍വവും അതിക്രൂരവുമായ കേസില്‍ സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇനിമുതല്‍ പാമ്ബ് കടിയേറ്റുള്ള മരണങ്ങള്‍ അന്വേഷിക്കും. ഉത്ര വധക്കേസിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പാമ്പ് കടിയേറ്റുള്ള മരണം പരിശോധിക്കാന്‍ മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നു. മരണം സ്വാഭാവിക അപകടമോ, കൊലപാതകമാണോയെന്ന് പരിശോധിക്കാനുള്ള മാനദണ്ഡങ്ങളാണ് തയ്യാറാക്കുന്നത്. ഡി ജി പി അനില്‍കാന്താണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.