മ്യാൻമാറിലെ യു.എൻ അംബാസിഡറെ കൊലപ്പെടുത്താൻ ശ്രമിച്ചു: രണ്ടു യുവാക്കൾ അറസ്റ്റിൽ

ന്യൂയോർക്ക്:
മ്യാന്മാറിലെ യു.എൻ അംബാസിഡറെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയ രണ്ട് മ്യാന്മാർ പൗരന്മാർ യു.എസിൽ അറസ്റ്റിൽ. ഫ്യോ ഹെയ്ൻ ഹട്ട്, യെ ഹെയ്ൻ സാവ് എന്നിവർ ചേർന്ന് അക്രമി സംഘത്തെ വാടകയ്ക്ക് എടുത്ത് യു.എൻ അംബാസിഡറായ ക്യൂ മോ ടണ്ണിനെ ആക്രമിക്കുകയോ വധിക്കുകയോ ചെയ്യാൻ പദ്ധതിയിട്ടിരുന്നതായാണ് യു.എസ് അറ്റോർണി ഓഫിസ് വ്യക്തമാക്കുന്നത്. ഫെബ്രുവരി 1 ന് നടന്ന അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മ്യാൻമറിലെ സൈനിക ഭരണാധികാരികളുടെ കടുത്ത വിമർശകനാണ് അദ്ദേഹം. അധികാരം ഏറ്റെടുത്ത ശേഷം ഭരണകൂടം ഇദ്ദേഹത്തെ പുറത്താക്കിയിരുന്നെങ്കിലും ലോക വേദിയിൽ ഇപ്പോഴും മ്യാന്മാറിനെ പ്രതിനിധീകരിക്കുന്നത് ഇദ്ദേഹം തന്നെയാണ്. അട്ടിമറിക്ക് ശേഷം പൊട്ടിപ്പുറപ്പെട്ട ജനകീയ തെരുവ് പ്രതിഷേധങ്ങളിൽ കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും, ഭരണം പിടിച്ചെടുത്തിരിക്കുന്ന മ്യാൻമർ സൈന്യം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
‘അമേരിക്കൻ മണ്ണിൽ നടക്കാനിരുന്ന ഒരു വിദേശ ഉദ്യോഗസ്ഥന് നേരെയുള്ള ആസൂത്രിതമായ ആക്രമണ പദ്ധതിയാണ് തകർത്തതെന്ന് യു.എസ് അറ്റോർണി വ്യക്തമാക്കി. ആക്രമണത്തിൽ ഐക്യരാഷ്ട്രസഭയിലെ മ്യാൻമാറിന്റെ അംബാസഡറെ ഗുരുതരമായി പരിക്കേൽപ്പിക്കാനോ കൊല്ലാനോ ഫിയോ ഹെയ്ൻ ഹട്ടും ഹേ സോയും പദ്ധതിയിട്ടിരുന്നതായും അറ്റോർണി അറിയിക്കുന്നു.
ആക്രമണത്തിന്റെ ആസൂത്രകരായ 28 കാരനായ സോ, അഡ്വാൻസ് തുകയായ 4000 ഡോളർ ഹട്ടിന് കൈമാറിയതായി യു.എസ് അറ്റോർണി കണ്ടെത്തിയിട്ടുണ്ട്.