നിപ: രോ​ഗലക്ഷണം ബാധിച്ചവരിൽ രണ്ടു പേർ ആരോഗ്യപ്രവർത്തകർ; ഹൈറിസ്‌കിലുള്ള 20 പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും

കോഴിക്കോട്:
നിപ രോ​ഗലക്ഷണം ബാധിച്ചവരിൽ രണ്ടു പേർ ആരോഗ്യപ്രവർത്തകർ. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയും ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിരീക്ഷത്തിലുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട 188 പേരിൽ 136 പേർ ആരോഗ്യ പ്രവർത്തകരാണ്.

ഇന്ന് നാലു മണിക്കകം ഹൈറിസ്‌കിലുള്ള 20 പേരെ മെഡിക്കല്‍ കോളേജിലെ നിപ ചികിത്സയ്ക്കായി പ്രത്യേകം തിരിച്ചിട്ടുള്ള വാര്‍ഡിലേക്ക് മാറ്റും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റാന്‍ തീരുമാനിച്ചിരുന്നു. ബ്ലോക്കിലെ ആദ്യ നിലയില്‍ നിപ പോസിറ്റീവായ രോഗികള്‍ ഉണ്ടാകുകയാണെങ്കില്‍ അവരെ പാര്‍പ്പിക്കും. മറ്റു രണ്ടു നിലകളില്‍ നിരീക്ഷണത്തിലുള്ളവരെ താമസിപ്പിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

100 പേർ മെഡിക്കൽ കോളജിലും 36 പേർ അവസാനം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലും ഉള്ളവരാണ്. 20 പേര്‍ക്ക് പ്രാഥമികസമ്പര്‍ക്കം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവും പിതാവും ബന്ധുവീട്ടിൽ ഐസലേഷനിലാണ്. മരിച്ച കുട്ടിക്കു മുൻപ് മറ്റാരെങ്കിലും വൈറസ് ബാധിതരായിട്ടുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾക്കായി 16 കോർ കമ്മിറ്റികൾ രൂപീകരിച്ചു.

7 ദിവസത്തിനുള്ളിൽ ഓസ്ട്രേലിയയിൽനിന്നു മരുന്ന് എത്തിക്കുമെന്ന് ഐസിഎംആർ ഉറപ്പു നൽകിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്കായി നാളെ വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെ നടത്തും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്‌ ഇതിനായി സംഘം എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പോയിന്റ് ഓഫ് കെയര്‍ പരിശോധനയില്‍ പോസിറ്റീവായാല്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധ നടത്തും. 12 മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭ്യമാക്കാമെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.