ഇന്ത്യയിലേയ്ക്കുള്ള യാത്ര സുരക്ഷിതമെന്ന് അമേരിക്ക: കൊവിഡ് കണക്കുകളിൽ കുറവു വന്നതോടെ അമേരിക്കയും ഇളവ് അനുവദിക്കുന്നു

വാഷിംങ്ടൺ:
കൊവിഡ് സ്ഥിതിഗതികൾ അതിരൂക്ഷമായതോടെ അമേരിക്ക ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. രോഗ സ്ഥിതികൾ നിയന്ത്രണ വിധേയമായതോടെയാണ് ഇപ്പോൾ വിലക്ക് പിൻവലിച്ചിരിക്കുന്നത്. അമേരിക്കൻരോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുളള കേന്ദ്രം (സിഡിഎസ്) തിങ്കളാഴ്ച പുറത്തിറക്കിയ നിർദ്ദേശപ്രകാരം കൊവിഡ് രോഗകണക്കിൽ ലെവൽ രണ്ടിലാണ് ഇന്ത്യയിപ്പോൾ.
ഏപ്രിൽ 30നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണം കൊണ്ടുവന്നത്. ഇന്ത്യയിൽ കൊവിഡ് വ്യാപകമായതിനെ തുടർന്നായിരുന്നു ഇത്. 14 ദിവസത്തിനിടെ ഇന്ത്യയിലുണ്ടായിരുന്ന യു.എസ് പൗരന്മാർ അല്ലാത്തവർക്കായിരുന്നു നിയന്ത്രണം. അതേസമയം തുർക്കിയെ ലെവൽ നാലിൽ അമേരിക്ക ഇന്ന് ഉൾപ്പെടുത്തി. ഇവിടെ വലിയ കൊവിഡ് വ്യാപന സാദ്ധ്യതയാണുളളത്. ഇവിടേക്ക് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പാണ് നൽകുന്നത്. നിലവിൽ തുർക്കിയിലേക്ക് യാത്രാ നിരോധനം അമേരിക്ക പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യയ്ക്ക് പുറമേ യു.കെ നിന്നുളള യാത്രക്കാർക്കും അമേരിക്കയിൽ നിരോധനമുണ്ട്. ഇതിനൊപ്പം ആഭ്യന്തര അതിർത്തി നിയന്ത്രണങ്ങളില്ലാത്ത അയർലാന്റ്, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, ബ്രസീൽ എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്കും നിരോധനമുണ്ട്. എന്നാൽ പട്ടികയിൽ ആശ്വാസമുണ്ടെങ്കിലും ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിലെ യാത്രാനിരോധനം നീക്കുന്ന കാര്യത്തിൽ അമേരിക്ക തീരുമാനമെടുത്തിട്ടില്ല.