ടോക്യോയിൽ ചരിത്രം രചിച്ച് ഇന്ത്യ ; പാരാലിമ്ബിക്‌സിൽ 19 മെഡലുകൾ

ടോക്യോ:
ഇന്ത്യയുടെ റെക്കാഡ് മെഡല്‍ വേട്ടയ്‌ക്ക് സാക്ഷ്യം വഹിച്ച ടോക്യോ പാരാലിമ്ബിക്‌സിന് പ്രൗഡോജ്ജ്വല സമാപനം.അവസാന ദിവസമായ ഇന്നലെ ഓരോ സ്വര്‍ണവും വെള്ളിയും നേടിയ ഇന്ത്യ അഞ്ചു സ്വര്‍ണവും എട്ടു വെള്ളിയും ആറു വെങ്കലങ്ങളുമടക്കം 19 മെഡലുകളുമായാണ് മടങ്ങുന്നത്. ആദ്യമായാണ് പാരാലിമ്ബിക്‌സിന്റെ ഒരു എഡിഷനില്‍ ഇന്ത്യ മെഡല്‍വേട്ടയില്‍ രണ്ടക്കം കടക്കുന്നത്.അവസാന ദിവസമായ ഇന്നലെ ബാഡ്മിന്റണ്‍ വ്യത്യസ്‌ത കാറ്റഗറികളിലായി കൃഷ്ണ നാഗര്‍ സ്വര്‍ണവും ഐ.എ.എസുകാരന്‍ കൂടിയായ സുഹാസ് യതിരാജ് വെള്ളിയും നേടി. അവനി ലെഖാര, സുമിത് ആന്റില്‍, മനീഷ് നര്‍വാള്‍, പ്രമോദ് ഭഗത് എന്നിവരാണ് സ്വര്‍ണം നേടിയ മറ്റു താരങ്ങള്‍. സമാപനച്ചടങ്ങുകളുടെ ഭാഗമായി ഇന്നലെ നടന്ന മാര്‍ച്ച്‌ പാസ്റ്റില്‍ അവനി ലെഖാര ദേശീയ പതാകയേന്തി.