ജാഗ്രത കൈവിടരുത്! മൂന്നാം തരംഗം ഉടൻ; ഡെൽറ്റ പ്ലസിനേക്കാൾ അപകടകാരികളായ വകഭേദങ്ങൾക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതർ

ന്യൂ ഡൽഹി:
കുതിച്ചുയർന്ന് മരണ നിരക്കുകൾക്കും രോഗ വ്യാപനത്തിനും ഒടുവിൽ രണ്ടാം കോവിഡ് തരംഗത്തിനു തിരശീലവീഴുമ്പോൾ മൂന്നാം തരംഗത്തിനുള്ള മുന്നറിയിപ്പ് നൽകുകയാണ് വിദഗ്ദ്ധർ. 2-16 ആഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ തരംഗമുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.

ഡെൽറ്റ പ്ലസ് പോലുള്ള പുതിയ വകഭേദങ്ങൾ നിലവിലുള്ള വാക്‌സിനുകളെ ദുർബലപ്പെടുത്തുമെന്നും റിപോർട്ടുകളുണ്ട്.

ഇന്ത്യയിലെ പ്രതിദിന കേസുകളുടെ എണ്ണം 50,000 ആയി കുറഞ്ഞിരുന്നു. സംസ്ഥാനങ്ങളുടെ കർശനമായ ലോക്കഡോണും നിയന്ത്രണങ്ങളുമാണ് എണ്ണത്തിൽ കുറവുണ്ടാക്കിയിരിക്കുന്നത്.

വിപണികളിലെ തിരക്കുകളും, തിരഞ്ഞെടുപ്പ് റാലികളും, മതപരമായ ഉത്സവങ്ങളുമായിരുന്നു ഒക്കെയായിരുന്നു രണ്ടാം തരംഗത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ. കോവിഡ് നയങ്ങളിലെ വീഴ്ച, നിരീക്ഷണത്തിലെ പിഴവ്, മുന്നറിയിപ്പുകളെ അവഗണിച്ചതുമാണ് മറ്റു കാരണങ്ങൾ. ഇത്തരം തെറ്റുകൾ ആവർത്തിക്കുന്നത് മൂന്നാം തരംഗത്തിന്റെ വരവ് വേഗത്തിലാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

രണ്ടാം തരംഗത്തെ രൂക്ഷമാക്കിയതിൽ പ്രധാന പങ്കുവഹിച്ച വൈറസ് വകഭേദമായിരുന്നു ഡെൽറ്റ പ്ലസ്. രോഗവ്യാപനം കൂടുന്നതിലൂടെ അപകടകാരികളായ കൂടുതൽ വകഭേദങ്ങളെ ഉണ്ടാകുന്നതിനു കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.

ജൂൺ 9 നും 22 നും ഇടയിൽ രാജ്യത്ത് പ്രതിദിനം ഏകദേശം 3.25 ദശലക്ഷം ഡോസു വാക്‌സിനുകൾ ആളുകളിൽ എത്തിയിരുന്നു. എന്നാൽ, വർഷാവസാനത്തോടെ എല്ലാവരിലും വാക്സിനെത്തിക്കുന്നതിനായി പ്രതിദിനം 8.5-9 ദശലക്ഷം ഡോസുകൾ ആവശ്യമാണ്. ഇന്ത്യയിൽ 4% ആളുകൾ മാത്രമാണ് പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ളത്. ഏകദേശം, 18% ആളുകൾ നിൽവിൽ ആദ്യ ഡോസ് സ്വീകരിച്ചു. അതേസമയം, രോഗ ബാധിതരായ ആളുകളിൽ എത്രപേരിൽ വൈറസിനെതിരെ ആന്റിബോഡികൾ ഉണ്ടെന്നത് കണ്ടെത്തിട്ടില്ല.