താലിബാൻ ഭരണം ; ഭീതിയൊഴിയാതെ അഫ്ഗാൻ സ്ത്രീകൾ

കാബൂള്‍: 
അഫ്ഗാനിസ്ഥാൻ താലിബാന്‍ പിടിച്ചടക്കിയതിൽ ആശങ്കയിലായി സ്ത്രീകള്‍. 20 വര്‍ഷം മുൻപുണ്ടായിരുന്ന താലിബാന്‍ ഭരണത്തിലെ അതേ ക്രൂരതകള്‍ രാജ്യത്ത് വീണ്ടും ആവര്‍ത്തിക്കപ്പെടുമോയെന്നാണ് സ്ത്രീകളുടെ ഭയം. പുറത്തിറങ്ങുമ്പോള്‍ മുഖവും ശരീരവും മറയ്ക്കുന്ന രീതിയില്‍ ബുര്‍ഖ ധരിക്കല്‍, എട്ട് വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിക്കല്‍, പുരുഷ രക്ഷാധികാരിയില്ലാതെ സ്ത്രീകളെ പുറത്തിറങ്ങാനനുവദിക്കാതിരിക്കല്‍ തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങള്‍ വീണ്ടും തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുമോയെന്നുള്ള ആശങ്കയിലാണ് ഇവർ. താലിബാന്‍ ആക്രമണം ഭയന്ന് സ്ത്രീകളുടെ മുഖം കാണിക്കുന്ന സലൂണുകളുടെയും മറ്റും പരസ്യങ്ങളുടെ ചുവര്‍ ചിത്രങ്ങള്‍ കാബൂളില്‍ വെള്ള പെയിന്റടിച്ച്‌ മായ്ക്കുകയാണ്. കാബൂളിലെ സലൂണുകളും ബ്യൂട്ടിപാര്‍ലറുകളുമെല്ലാം അടച്ചു. അതേസമയം നഗരത്തിലെ ബുര്‍ഖ ഷോപ്പുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. താലിബാനെ ഭയന്ന് നിരവധി സ്ത്രീകള്‍ തങ്ങളുടെ ഇഷ്ട വസ്ത്രം ഉപേക്ഷിച്ച്‌ ബുര്‍ഖകള്‍ ധരിക്കാന്‍ ആരംഭിച്ചു.
യൂണിവേഴ്സിറ്റികളില്‍ നിന്നു ബിരുധം നേടിയ വിദ്യാര്‍ത്ഥിനികളും ജോലി ചെയ്യുന്ന സ്ത്രീകളും തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളെല്ലാം താലിബാന്റെ പരിശോധനയില്‍ പിടികൊടുക്കാതിരിക്കാന്‍ ഒളിപ്പിച്ചു വെക്കുകയോ നശിപ്പിച്ചു കളയുകയാണ്.