കാബൂളും പിടിച്ചെടുത്ത് താലിബാൻ ; പ്രതികരിക്കാതെ അഫ്ഗാൻ സൈന്യം

കാബൂള്‍:
അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളും പിടിച്ചെടുത്ത് താലിബാന്‍. ആഭ്യന്തരവകുപ്പും സായുധ സേനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കാബൂള്‍ സുരക്ഷിതമെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗാനയുടെ ഓഫീസ് അറിയിച്ചു.ഇതോടെ അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ 22എണ്ണത്തിലധികവും താലിബാന്റെ നിയന്ത്രണത്തിലായി. കാബുളിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് വരെ അഫ്ഗാന്‍ സൈന്യം ശക്തമായ പോരാട്ടമാണ് നടത്തിയത്.
ബല പ്രയോഗത്തിലൂടെ കാബൂള്‍ കീഴടക്കാന്‍ പദ്ധതിയില്ലെന്നാണ് താലിബാന്‍ വക്താക്കള്‍ വ്യക്തമാക്കുന്നത്.എന്നാല്‍ കാബൂളില്‍ താലിബാന്‍ ഭീകരര്‍ ആധിപത്യം സ്ഥാപിച്ചതോടെ സമാധാനപരമായി അധികാരം അഫ്ഗാന്‍ ഭരണകൂടം വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാനും അഫ്ഗാനും തമ്മില്‍ ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുന്നതായാണ് വിവരം.അതേസമയം അഫ്ഗാന്‍ സൈന്യം പ്രത്യാക്രമണം നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബലപ്രയോഗത്തിലൂടെ കാബൂള്‍ പിടിച്ചെടുക്കില്ലെന്നും ജീവനോ സ്വത്തിനോ ഭീഷണിയില്ലാതെ സമാധാനപരമായും സുരക്ഷിതമായുമുള്ള അധികാരക്കൈമാറ്റത്തിന് ചര്‍ച്ചകള്‍ നടക്കുകയാണെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.ജലാലാബാദ് നഗരം പിടിച്ചെടുത്ത് കാബൂളിനെ ഒറ്റപ്പെടുത്തിയ താലിബാന്‍, പാകിസ്താനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു. ഇന്ന് രാവിലെയോടെയാണ് തന്ത്രപ്രധാനമായ ജലാലാബാദ് നഗരം താലിബാന്‍ പിടിച്ചെടുത്തത്. ഇന്നലെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മസാറെ ശരീഫ് താലിബാന്‍ പിടിച്ചെടുത്തിരുന്നു.