രാജ്യത്ത് സ്വാതന്ത്ര്യദിനത്തിന് മുൻപ് പാകിസ്ഥാൻ ആക്രമണത്തിന് പദ്ധതിയിടുന്നു; ഏകോപനത്തിനായി ഐ.എസ്‌.ഐ കൺട്രോൾ റൂമുകൾ തുറന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് സ്വാതന്ത്ര്യദിനത്തിന് മുൻപ് വിവിധ വിഘടവാദ ഗ്രൂപ്പുകളുമായി ചേർന്ന് പാകിസ്ഥാൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്.

പാക് രഹസ്യാന്വേഷണ സംഘടനയായ ഐ.എസ്‌.ഐ ഇത് ഏകോപിപ്പിക്കാൻ കൺട്രോൾ റൂമുകൾ തുറന്നതായാണ് വിവരം. കാശ്‌മീർ അതിർത്തികളിൽ ഇതോടെ ഇന്ത്യൻ സേന സുരക്ഷ കർശനമാക്കി.

ലഷ്‌കർ-ഇ-തയ്‌ബ, ജയ്ഷെ മുഹമ്മദ് എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്‌തതായി ഇന്റലിജൻസ് വൃത്തങ്ങൾക്ക് വിവരം ലഭിച്ചു. പുതുതായി നുഴഞ്ഞുകയറാനും ഭീകര സംഘടനകൾ സഹകരിച്ചുള‌ള ആക്രമണത്തിനും കാശ്‌മീരിൽ പദ്ധതി തയ്യാറാക്കുന്നതായാണ് വിവരം.

എട്ടോളം വഴികളിലൂടെ നുഴഞ്ഞുകയറാൻ പാകിസ്ഥാൻ ശ്രമമുണ്ട്. നിയന്ത്രണരേഖയ്‌ക്കടുത്ത് 27 ഇടങ്ങളിൽ നുഴഞ്ഞുകയറ്റം വർദ്ധിപ്പിക്കാനുള‌ള ശ്രമവുമായി പാകിസ്ഥാൻ മുന്നോട്ട് പോകുകയാണ്. ഇവിടങ്ങളിൽ 146 ഭീകരരെ വിന്യസിച്ചതായും ഇന്റലിജൻസിന് വിവരം ലഭിച്ചു.