കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിന് ഭീകരവാദ ഭീഷണി; പൗരന്‍മാര്‍ എത്രയും വേ​ഗം ഒഴിഞ്ഞുപോകണമെന്ന് വിവിധ രാജ്യങ്ങളുടെ മുന്നറിയിപ്പ്

വാഷിംങ്ടണ്‍:
കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിന് ഭീകരവാദ ഭീഷണി. തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ എത്തുന്നതിനാല്‍ വിമാനത്താവളത്തിന്റെ പരിസരത്തുനിന്നും എത്രയും പെട്ടന്ന് ഒഴിഞ്ഞുപോകണമെന്ന് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്നും ഭീകരവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ എയര്‍പോര്‍ട്ടിന്റെ പരിസരത്ത് ഉള്ളവര്‍ എത്രയും പെട്ടന്ന് മാറണമെന്ന് ഓസ്‌ട്രേലിയയും പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റേതെങ്കിലും മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് ലണ്ടനും അറിയിച്ചിട്ടുണ്ട്.

താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഏകദേശം 90,000 അഫ്ഗാന്‍ പൗരന്മാരും വിദേശികളുമാണ് അമേരിക്ക ഏര്‍പ്പെടുത്തിയ വിമാനമാര്‍ഗ്ഗം അഫ്ഗാനിസ്ഥിനില്‍ നിന്നും രക്ഷപ്പെട്ടത്. തുടര്‍ച്ചയായ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളത്തിന്റെ പരിസരത്ത് നിന്നും എത്രയും പെട്ടന്ന് മാറാനാണ് അമേരിക്ക നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.