തമിഴ് നടൻ വിവേകിന്റെ മരണം ; ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി:
തമിഴ് സിനിമാ നടന്‍ വിവേകിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു.വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കോവിഡ് വാക്‌സിന്‍ എടുത്ത് രണ്ട് ദിവസത്തിന് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം.

2021 ഏപ്രില്‍ 17നാണ് വിവേക് അന്തരിച്ചത്. കോവിഡ് വാക്‌സിന്‍ എടുത്തത് മൂലമാണ് മരണം സംഭവിച്ചതെന്ന് ചിലര്‍ ആരോപിച്ചിരുന്നു. സിനിമാരംഗത്ത് നിന്നുള്‍പ്പെടെ പലരും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച്‌ നടന്റെ കുടുംബം ഉള്‍പ്പടെ രംഗത്തെത്തുകയും ചെയ്തു. നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്തുവന്നത്. പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് നടന്റെ മരണം കോവിഡ് വാക്‌സിന്‍ എടുത്തത് മൂലമാണോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ദേശീയ മനുഷ്യാവകാശ കമീഷന് ലഭിച്ചത് ഇതേ തുടർന്നാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചത്.