താലിബാനെതിരെ അയുധം എടുത്ത വനിതാ ഗവർണർ പിടിയിൽ; പിടിയിലായത് ബൽബ് പ്രവിശ്യയിൽ നിന്നും

കാബൂൾ:
താലിബാനെതിരെ ആയുധമെടുത്ത വനിതാ ഗവർണർ സലീമ മസാരി പിടിയിൽ. താലിബാൻ അഫ്ഗാൻ ഭരണം കയ്യേറിയതിനുപിന്നാലെ ബൽബ് പ്രവിശ്യയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിടുകയും ചെയ്തതിന് പിന്നാലെയാണ് സലീമയെ താലിബാൻ പിടികൂടുന്നത്.
അഫ്ഗാനിസ്ഥാനിൽ ഗവർണറായി ചുമതലയേറ്റ ആദ്യ മൂന്ന് വനിതകളിൽ ഒരാളായിരുന്നു സലീമ മസാരി. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് സലീമ മസാരി ഗവർണായി ചുമതലയേൽക്കുന്നത്. മറ്റ് പ്രവശ്യകൾ ചെറുത്തുനിൽപ്പില്ലാതെ താലിബാന് കീഴടങ്ങിയപ്പോൾ ബൽഖ് പ്രവിശ്യയിലെ ചഹർ കിന്റ് ജില്ല ഗവർണറായ സലീമ മസാരി പിടിച്ചുനിൽക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.
താലിബാനെതിരേ മികച്ച പ്രതിരോധമാണ് അവർ ഉയർത്തിയത്. അവസാനഘട്ടത്തിൽ താലിബാന് കീഴടങ്ങാതെ നിന്ന വനിതയുടെ നേൃത്വത്തിലുള്ള ഏക മേഖലയായിരുന്നു ചഹർ കിന്റ്. കഴിഞ്ഞ വർഷം 100 താലിബാൻ ഭീകരരുടെ കീഴടങ്ങലിന് വഴിയൊരുക്കിയതിൽ സലീമ മസാരിയുടെ ഇടപെടലുകൾ ഉണ്ടായിരുന്നു.
ഗവർണറായി ചുമതലയേറ്റതിന് പിന്നാലെ ഒട്ടേറെ ശ്രദ്ധിക്കപ്പെടുന്ന ഇടപെടലുകൾ സലീമയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അഫ്ഗാനിസ്താനിൽ താലിബാൻ ആക്രമണം രൂക്ഷമായതിന് പിന്നാലെ ജനങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് അവർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അവർ തന്റെ പ്രവിശ്യ സംരക്ഷണത്തിന് സ്വയം മുന്നിട്ട് ഇറങ്ങുകയായിരുന്നു.