താലിബാൻ സർക്കാരിൽ ഇന്ത്യക്ക് അതൃപ്തി ; തള്ളിപ്പറയില്ല ; അമേരിക്കക്കൊപ്പം നിലകൊള്ളുമെന്നും സൂചന

ദില്ലി:
അഫ്ഗാനിസ്ഥാനില്‍ ഭീകരസംഘടനയായ ഹഖ്ഖാനി നെറ്റ് വര്‍ക്കിന്‍റെ നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതില്‍ കടുത്ത അതൃപ്തിയുമായി ഇന്ത്യ.സിഐഎ മേധാവിയുമായും റഷ്യന്‍ സുരക്ഷ ഉപദേഷ്ടാവുമായും ദേശീയ സുരക്ഷ  ഉപദേഷ്ടാവ് അജിത് ഡോവല്‍ ദില്ലിയില്‍ ചര്‍ച്ച നടത്തി. അഫ്ഗാന്‍ ഭീകരവാദികളുടെ കേന്ദ്രമാകുന്നതിലുള്ള കടുത്ത ആശങ്ക ഇന്ത്യ ചര്‍ച്ചയില്‍ അറിയിച്ചു.

അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാരിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലിയില്‍ അതൃപ്തി പുകയുകയാണ്. താലിബാനെ തല്‍ക്കാലം തള്ളിപ്പറയില്ല. അമേരിക്കയുടെ നിലപാടിനൊപ്പം ഇന്ത്യ നില്ക്കും എന്ന സൂചനയാണ് പുറത്തു വരുന്നത്. അഫ്ഗാനന്‍ സര്‍ക്കാരിനെക്കുറിച്ച്‌ ഔഗ്യോഗിക നിലപാടു പറയാതെ ഇന്ത്യ മൗനം പാലിക്കുകയാണ്. താലിബാനെ തള്ളിപറഞ്ഞില്ലെങ്കിലും ഭീകരസംഘടന നേതാക്കളുടെ സാന്നിധ്യം കണ്ടില്ലെന്ന് നടിക്കരുത് എന്ന അഭിപ്രായം ബിജെപിയിലും ശക്തമായുണ്ട്.