ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം ഉറപ്പെന്ന് താലിബാന്റെ സന്ദേശം; ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ കാബൂളിലെ എംബസിയിൽ നിന്ന് ഒഴിപ്പിക്കേണ്ടന്നും താലിബാൻ

ന്യൂഡൽഹി:
ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ഒഴിപ്പിക്കുന്നതിൽ താലിബാന് താല്പര്യമില്ലെന്ന് റിപ്പോർട്ട്. താലിബാന്റെ ഖത്തർ ഓഫീസിൽ നിന്നും ഇതുസംബന്ധിച്ച് കേന്ദ്രത്തിന് സന്ദേശം ലഭിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

താലിബാന്റെ പൊളിറ്റിക്കൻ ഘടകം അധ്യക്ഷൻ അബ്ബാസ് സ്റ്റാനിക്‌സായുടെ ഓഫീസിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം സന്ദേശത്തിൽ ഉറപ്പുനൽകിയതായാണ് വിവരം. ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരേ ലഷ്‌കർ, ജയ്ഷ് എന്നീ സംഘടനകളിൽ നിന്നും ആക്രമണമുണ്ടാകില്ലെന്ന് സന്ദേശത്തിൽ പറയുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അതിനിടയിൽ അഫ്ഗാനിസ്താനിലെ ഇന്ത്യൻ എംബസികളിൽ താലിബാൻ കടന്നുകയറി പരിശോധന നടത്തിയതായുളള റിപ്പോർട്ട് പുറത്തുവന്നിരുന്നു. കാണ്ഡഹാർ, ഹെറാത് എന്നിവിടങ്ങളിലെ കോൺസുലേറ്റിലാണ് ബുധനാഴ്ച താലിബാൻ സായുധസംഘം പരിശോധന നടത്തിയത്.

അലമാരകളിൽ രേഖകൾക്കായി തിരച്ചിൽ നടത്തിയ സംഘം രണ്ടുകോൺസുലേറ്റിലും നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കടത്തിക്കൊണ്ടുപോയി. കാബൂളിലെ എംബസി താലിബാൻ വളഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.