താലിബാന് സുരക്ഷിത താവളമൊരുക്കുന്നത് പാക്കിസ്ഥാൻ: യു.എന്നിൽ തുറന്നടിച്ച് അഫ്ഗാനിസ്ഥാൻ

കാബൂൾ:
താലിബാന് സുരക്ഷിത താവളമൊരുക്കുന്നത് പാക്കിസ്ഥാനെന്നു തുറന്നടിച്ച് അഫ്ഗാനിസ്ഥാൻ. ഐക്യരാഷ്ട്ര സഭയിലാണ് പാക്കിസ്ഥാനെതിരെ അഫ്ഗാൻ തുറന്നടിച്ചിരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയിൽ അഫ്ഗാനിസ്താൻ പ്രതിനിധി ഗുലാം എം. ഇസാക്‌സൈ ആണ് പാകിസ്താനെതിരെ രംഗത്തെത്തിയത്. താലിബാന്റെ സുരക്ഷിത താവളമായി പാകിസ്താൻ തുടരുകയാണെന്നും ആവശ്യമായ യുദ്ധ സാമഗ്രികൾ പാകിസ്താനിൽ നിന്ന് താലിബാന് ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സംസാരിക്കുകയായിരുന്നു ഗുലാം എം. ഇസാക്‌സൈ.
പാകിസ്താൻ താലിബാന് സുരക്ഷിത താവളമൊരുക്കുക മാത്രമല്ല, ആവശ്യമായ യുദ്ധ സാമഗ്രികൾ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ നേതൃത്വത്തിലാണ് ഐക്യരാഷ്ട്ര സഭയിൽ സുരക്ഷാ കൗൺസിൽ വിളിച്ചു ചേർത്തത്. അഫ്ഗാൻ വിദേശകാര്യ മന്ത്രി ഹനീഫ് ആത്മർ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനെ വിളിച്ചതിന് ശേഷമാണ് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ സംഘടിപ്പിച്ചത്.യുദ്ധക്കെടുതിയിൽ വലയുന്ന അഫ്?ഗാനിൽ ‘പ്രാകൃത പ്രവൃത്തികൾ’ നടത്തുന്ന താലിബാൻ തനിച്ചല്ലെന്നും വിദേശ തീവ്രവാദ ശൃംഖലകളിൽ നിന്നും അവർക്ക് സഹായം ലഭിക്കുന്നുണ്ടെന്നും ഗുലാം ചൂണ്ടിക്കാട്ടി. അഫ്ഗാനിലെ മാത്രമല്ല, മേഖലയിലെയും പുറത്തെയും സമാധാനത്തിനും സുരക്ഷക്കും സുസ്ഥിരതക്കും താലിബാൻ ഭീഷണിയാണ്.
1988-ലെ ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗൺസിലിന്റെ ഉപരോധ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല അഫ്ഗാനിസ്താനിൽ യുദ്ധം ഇല്ലാതാക്കാൻ വേണ്ടി പാകിസ്താനുമായി സഹകരിക്കുന്നതിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.