എല്ലാ സർക്കാർ ജീവനക്കാർക്കും താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചു; തിരികെ ജോലിയിൽ കയറണമെന്ന് ആഹ്വാനം

കാബുൾ:
എല്ലാ സർക്കാർ ജീവനക്കാർക്കും താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചു. ജീവനക്കാർ ജോലിയിലേക്ക് മടങ്ങിയെത്തണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അഫ്ഗാന്റെ അധികാരം ഏറ്റെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

“എല്ലാവർക്കുമായി തങ്ങൾ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികളിലേക്ക്‌ ആത്മവിശ്വാസത്തോടെ തിരികെ വരണം”, താലിബാൻ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, കാബൂളിൽ നിന്ന് നയതന്ത്ര പ്രതിനിധികളുൾപ്പെടെയുള്ള ഇന്ത്യൻ സംഘത്തെ അതിസാഹസികമായി ഒഴിപ്പിച്ചു. 140 പേരടങ്ങുന്ന ഇന്ത്യൻ സംഘത്തെയാണ് തിരിച്ചെത്തിച്ചിരിക്കുന്നത്. ഇന്ന് രാവിലെ കാബൂളിൽ നിന്ന് പുറപ്പെട്ട വിമാനം ഗുജറാത്തിലെ ജാംനഗറിൽ ലാൻഡ് ചെയ്തു.