സമ്പത്ത് വിട്ട് നൽകുന്നത് പ്രവർത്തനങ്ങളെ ആശ്രയിച്ച് ; താലിബാന്റെ ആവശ്യങ്ങൾക്ക് മറുപടിയുമായി അമേരിക്ക

വാഷിങ്ടൺ :
മുൻ അഫ്ഗാനിസ്ഥാൻ സർക്കാർ അമേരിക്കയിൽ നിക്ഷേപിച്ച സമ്പത്ത് വിട്ടുനൽകുന്നത് താലിബാന്റെ പ്രവർത്തനങ്ങളെ ആശ്രയിച്ചായിരിക്കും എന്ന് അമേരിക്ക.ആസ്തി വിട്ടുനൽകണമെന്ന് കഴിഞ്ഞയാഴ്ച ദോഹയിൽ ബൈഡൻ സർക്കാരിന്റെ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ താലിബാൻ ആവശ്യപ്പെട്ടിരുന്നു. സംഘർഷങ്ങളിലൂടെ ഭരണം പിടിച്ചെടുത്ത താലിബാന് ഈ ഫണ്ട് വിട്ടുനൽകുന്നത് സംബന്ധിച്ച്‌ ഉടൻ തീരുമാനം ഉണ്ടാകില്ലെന്ന് യുഎസ് വിദേശവകുപ്പ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

അഫ്ഗാനിസ്ഥാന്റെ കോടിക്കണക്കിനു ഡോളര്‍ കരുതല്‍സമ്പാദ്യം മരവിപ്പിക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ രാജ്യം നേരിടുന്ന മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് സാമ്പത്തികസഹായം നല്കുമെന്നും ഇത് താലിബാൻ സർക്കാർ വഴി ആകില്ലെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്.