സർക്കാർ രൂപീകരണം അവസാനഘട്ടത്തിലെന്ന് താലിബാൻ; പാകിസ്താൻ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണം

കാബൂൾ:
അഫ്ഗാനിസ്താനിൽ സർക്കാർ രൂപീകരണം അവസാനഘട്ടത്തിലെന്ന അവകാശവാദവുമായി താലിബാൻ. പുതിയ സർക്കാർ അധികാരമേൽക്കുന്ന ചടങ്ങിലേക്ക് പാകിസ്താൻ, ചൈന, റഷ്യ, തുർക്കി, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളെ താലിബാൻ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. പഞ്ച്ശീർ താഴ്‌വരകൂടി പിടിച്ചെടുത്തതിന് പിന്നാലെയാണ് താലിബാന്റെ അവകാശവാദം.

സംഘർഷം അവസാനിച്ചുവെന്നും രാജ്യത്ത് സുസ്ഥിര സർക്കാർ രൂപവത്കരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താലിബാൻ വക്താവ് സബീബുള്ള മുജാഹിദ് കാബൂളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇനി ആയുധം എടുക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണെന്നും, ഇനിയും പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ പഞ്ച്ശീറിലേതിന് സമാനമായ രീതിയിൽ നേരിടും അദ്ദേഹം വ്യക്തമാക്കി.

അധിനിവേശക്കാർ രാജ്യത്ത് വികസന പ്രവർത്തനങ്ങൾ നടത്തില്ലെന്ന് ജനങ്ങൾ ഇനിയെങ്കിലും മനസിലാക്കണം. അതിന്റെ ഉത്തരവാദിത്വം നമ്മൾ തന്നെ ഏറ്റെടുക്കണം. കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ഖത്തർ, തുർക്കി, യു.എ.ഇ എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമം നടത്തുകയാണെന്നും താലിബാൻ വക്താവ് പറഞ്ഞു. താലിബാനെതിരെ പ്രതിരോധം തീർത്ത പഞ്ചശീർ പിടിച്ചെടുത്തുവെന്ന അവകാശവാദം വക്താവ് ആവർത്തിച്ചു.