താലിബാൻ ഭരണം ; സര്‍വകലാശാലകളില്‍ പഠനം പുനഃരാരംഭിച്ചു ; ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ട് വേര്‍തിരിച്ച്‌ ക്ലാസ് മുറികൾ

കാബൂള്‍:
താലിബാന്‍ അധികാരം പിടിച്ചടക്കിയതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ സര്‍വകലാശാലകളില്‍ പഠനം പുനഃരാരംഭിച്ചു.എന്നാല്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ട് വേര്‍തിരിച്ച്‌ ക്ലാസുകള്‍ നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് കര്‍ശന നിര്‍ദേശങ്ങളായിരുന്നു താലിബാന്‍ സര്‍വകലാശാലകള്‍ക്ക് നല്‍കിയിരുന്നത്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി ഇടകലരുന്ന സാഹചര്യം ഉണ്ടാകരുതെന്നും പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും മുഖം മറച്ചിരിക്കണമെന്നുള്ള കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിനായി വനിതാ അധ്യാപകരെ നിയമിക്കണം. അല്ലെങ്കില്‍ പ്രായം കൂടിയ അധ്യാപകരെ നിയമിക്കണം. വാര്‍ത്താ ഏജന്‍സിയായ എഎഫ്‌സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ക്ലാസുകളോ അല്ലെങ്കില്‍, ക്ലാസിന്റെ ഇരു വശങ്ങളിലുമായി ആണും പെണ്ണും വെവ്വേറെ ഇരിക്കുകയും നടുക്കായി ഒരു കര്‍ട്ടന്‍ ഇടുകയും വേണമെന്നുമായിരുന്നു താലിബാന്റെ നിബന്ധനകള്‍.