അധികാരം ലഭിച്ചതോടെ താലിബാനിൽ ആഭ്യന്തര പ്രശ്‌നങ്ങൾ അതിരൂക്ഷം: ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ

കാബൂൾ:
അഫ്ഗാനിൽ അധികാരം പിടിച്ചതോടെ താലിബാനിൽ നേരത്തേ ഉണ്ടായിരുന്ന ആഭ്യന്തര പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമായി. പരസ്പരമുണ്ടായ ഏറ്റുമുട്ടലിൽ താലിബാൻ സഹസ്ഥാപകൻ മുല്ലാ അബ്ദുൾ ഗനി ബരാദറിന് വെടിയേറ്റതായാണ് റിപ്പോർട്ട്. പരിക്ക് സാരമുള്ളതാണോ എന്ന് വ്യക്തമല്ല. ബരാദർ ഇപ്പോൾ പാകിസ്ഥാനിൽ ചികിത്സയിലാണ്. താലിബാനിലെ ഏറ്റവും ക്രൂരന്മാരെന്ന കുപ്രസിദ്ധിയുള്ള ഹഖാനി നെറ്റ്വർക്ക് നേതാക്കളായ അനസ് ഹഖാനിയും ഖലീൽ ഹഖാനിയുമാണ് മുല്ലാ ബരാദറും മുല്ലാ യാക്കൂബുമായി ഏറ്റുമുട്ടിയത്.
അധിക്കാരത്തെച്ചൊല്ലിയാണ് ഇവർ ഏറ്റുമുട്ടിയതെന്നാണ് റിപ്പോർട്ട്.രാജ്യത്ത് പുതുതായി രൂപീകരിക്കുന്ന സർക്കാരിൽ പ്രതിരോധ മന്ത്രി സ്ഥാനത്തിനൊപ്പം മറ്റ് പ്രധാന പദവികളും ഹഖാനി നെറ്റ്വർക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്രയും നൽകാൻ ബരാദറും ഒപ്പമുള്ളവരും തയ്യാറായില്ല. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിലേക്ക് എത്തിയതെന്നാണ് സൂചന. എന്നാൽ പരിക്കേറ്റ കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അധികാരതർക്കവും ഏറ്റുമുട്ടലും മൂലമാണ് സർക്കാർ രൂപീകരണം അനിശ്ചിതമായി നീണ്ടുപോകുന്നത്. മുല്ലാ ബരാദർ അഫ്ഗാൻ പ്രസിഡന്റ് ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഹഖാനി വിഭാഗവുമായി പാകിസ്ഥാൻ നല്ല ബന്ധത്തിലാണ്. അതിനാൽ തന്നെ സർക്കാരിലെ പ്രധാന സ്ഥാനങ്ങൾ ഹഖാനി വിഭാഗത്തിന് കിട്ടണമെന്ന് പാകിസ്ഥാന് ആഗ്രഹിക്കുന്നു. ഇതിലൂടെ അഫ്ഗാനിൽ തങ്ങളുടെ ആധിപത്യം അടിച്ചേൽപ്പിക്കാനും ഹഖാനി വിഭാഗത്തെ കാശ്മീർ പ്രശ്‌നത്തിലുൾപ്പടെ ഇന്ത്യക്കെതിരെ ഇടപെടീക്കാം എന്നുമാണ് പാകിസ്ഥാന്റെ കണക്കുകൂട്ടൽ.
അഫ്ഗാനിസ്ഥാന്റെ ഭരണം തിരികെ പിടിക്കാൻ താലിബാനെ വളരെയധികം സഹായിച്ചവരാണ് ഹഖാനി നെറ്റ്വർക്ക്. കാബൂൾ താലിബാൻ പിടിച്ചടക്കിയ ശേഷം ഹഖാനി നെറ്റ്വർക്കിലെ മുതിർന്ന നേതാക്കൾ അഫ്ഗാനിലെത്തി ഭരണത്തിലെ പങ്കാളിത്തത്തെ കുറിച്ച് ചർച്ച തുടങ്ങിയിരുന്നു.