വാക്‌സിൻ ഇടകലർത്തുന്നതിനിടെതിരെ സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി: രണ്ടു വാക്‌സിൻ കൂടി ഒന്നിച്ചെടുക്കുന്നത് ഗുണം ചെയ്യില്ല

ന്യൂഡൽഹി:
വാക്‌സിനുകൾ ഇടകലർത്തി ഉപയോഗിക്കുന്നത് നല്ലതല്ലെന്നും രണ്ട് ഡോസും ഒരേ നിർമാതാക്കളുടേത് തന്നെ എടുക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നും കൊവിഷീൽഡ് വാക്‌സിന്റെ നിർമാതാക്കളായ സെറം ഇൻസ്റ്റിട്യൂട്ടിന്റെ മേധാവി സിറസ് പൂനവാല പറഞ്ഞു. ഈയടുത്ത് നടന്ന ഐ സി എം ആറിന്റെ പഠനത്തിൽ കൊവിഷീൽഡും കൊവാക്‌സിനും ഇടകലർത്തി ഉപയോഗിച്ചവരിൽ പ്രതിരോധശേഷി വർദ്ധിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.എന്നാൽ സിറസ് ഈ പഠനത്തെ നിരാകരിച്ചു. രണ്ട് ഡോസ് ഇടകലർത്തി ഉപയോഗിക്കുന്നവരിൽ വാക്‌സിൻ ഫലപ്രദമമായി പ്രവർത്തിച്ചില്ലെങ്കിൽ ഇരു കമ്പനികളും പരസ്പരം പഴിചാരുകയല്ലാതെ ഗുണകരമായി ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് വാക്‌സിനുകൾ ഇടകലർത്തി ഉപയോഗിക്കുന്നതിനു പകരം തന്റെ കമ്പനി നിർമ്മിക്കുന്ന കൊവിഷീൽഡിന്റെ മൂന്നാമത് ഒരു ഡോസ് കൂടി എടുക്കുന്നത് കുറച്ചു കൂടി ഫലപ്രദമായിരിക്കുമെന്ന് സിറസ് വെളിപ്പെടുത്തി. ആറു മാസത്തിനു ശേഷം വാക്‌സിന്റെ പ്രതിരോധശേഷി കുറയുമെന്നും അതിനാൽ തന്നെ മൂന്നാമത് ഒരു ഡോസ് കൂടി എടുക്കുന്നത് നന്നായിരിക്കുമെന്നും സിറസ് പറഞ്ഞു.
സെപ്തംബറോടു കൂടി 45 കോടി ഡോസുകൾ ലഭ്യമാക്കുമെന്ന കേന്ദ്രസർക്കാരിന്റെ വാദത്തെയും സിറസ് പൂനെവാല നിഷേധിച്ചു. രാഷ്ട്രീയക്കാർ തങ്ങളുടെ ആവശ്യത്തിന് വേണ്ടി എല്ലാം കൂട്ടിപറയുമെന്നും ഒരു മാസത്തിൽ 10 കോടി വാക്‌സിനുകളാണ് തന്റെ കമ്പനി നിർമ്മിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.