വൈദ്യുതി നിയമഭേദഗതിക്കെതിരെ ആഗസ്റ്റ് പത്തിന് അഖിലേന്ത്യാ പണിമുടക്ക്

കോട്ടയം :

വൈദ്യുതി (ഭേദഗതി )ബില്‍ 2021 പാസ്സാക്കുമെന്ന കേന്ദ്ര ഗവണ്‍മെന്റ് നടപടിയിൽ തീരുമാനത്തിൽ പ്രതിഷേധിച്ച് വൈദ്യുതി ജീവനക്കാർ ആഗസ്റ്റ് 10-ന് അഖിലേന്ത്യാ പണിമുടക്ക് നടത്തും.

ആഗസ്റ്റ് 10ന് മുഴുവന്‍ ഇലക്ട്രിസിറ്റി ഓഫീസുകളിലുമുള്ള ജീവനക്കാര്‍ തെരുവിലിറങ്ങി പ്രകടനം നടത്തും. പുതിയ ഭേദ​ഗതി ബിൽ പാസാകുന്നതോടെ ഒരു പ്രദേശത്ത് തന്നെ ഒന്നില്‍ കൂടുതല്‍ കമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കും. വൈദ്യുതി വിതരണത്തിന് ലൈസന്‍സ് ആവശ്യമാകുന്നതിന് പകരം, റെഗുലേറ്ററി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.

സംസ്ഥാനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഉണ്ടാകുകയില്ല. ഇങ്ങനെ വരുന്ന സ്വകാര്യ കമ്പനികള്‍ നല്ലതോതില്‍ ലാഭം ലഭിക്കുന്ന ഉപഭോക്താക്കളെയും നഗരപ്രദേശങ്ങളെയും കയ്യടക്കുകയും, പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും കാര്‍ഷിക, ചെറുകിട, വ്യവസായിക ഉപഭോക്താക്കള്‍ക്കും വൈദ്യുതി വിതരണം നടത്തേണ്ട ബാധ്യത, പൊതുമേഖലാ കമ്പനികളുടേതായി മാറുകയും ചെയ്യും. ഇതോടെ പൊതുമേഖലാ കമ്പനികള്‍ തകരും.

പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് പോലും വിടാതെ പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ പോലും കാറ്റില്‍ പറത്തിക്കൊണ്ടാണ് കേന്ദ്ര ഗവണ്‍മെന്റ് ഇലക്ട്രിസിറ്റി (ഭേദഗതി) ബില്‍ പാസ്സാക്കുവാന്‍ ശ്രമിക്കുന്നത്.