വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കില്ല ; ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി

ഷാര്‍ജ:
വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി അറിയിച്ചു.എന്നാൽ സെപ്റ്റംബറില്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെ 12 വയസ്സും അതിന് മുകളിലുമുള്ള വിദ്യാര്‍ഥികള്‍ കോവിഡ് നെഗറ്റീവ് പരിശോധനാഫലം നിര്‍ബന്ധമായും ഹാജരാക്കണം. അതേസമയം കോവിഡ് പ്രതിരോധമെന്നനിലയില്‍ കുട്ടികളെ വാക്‌സിനെടുക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും അതോറിറ്റി രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു.

സ്‌കൂള്‍ ജീവനക്കാര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. കൂടാതെ, ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലവും സ്‌കൂള്‍ തുറക്കുന്ന വേളയില്‍ ഹാജരാക്കണം. വാക്‌സിന്‍ സ്വീകരിക്കാനാവാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ യു.എ.ഇ.യിലെ ഔദ്യോഗിക അധികാരികള്‍ നല്‍കുന്ന ഇളവ് സംബന്ധമായ റിപ്പോര്‍ട്ട് ഹാജരാക്കണം. മാത്രമല്ല, എല്ലാ ആഴ്ചയിലും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയും വേണം.

സ്‌കൂളുകളിലെ പുതിയ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ എടുക്കാന്‍ രണ്ടുമാസം സാവകാശവും അനുവദിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ പോകുന്നതിന് 16 വയസ്സും അതില്‍ കൂടുതലുമുള്ള എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്ന് യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.