പഞ്ച്ഷീർ പിടിച്ചെടുത്തതിന്റെ ആഘോഷപ്രകടനം; താലിബാൻ വെടിയേറ്റ് നിരവധിപേർ കൊല്ലപ്പെട്ടു

കാബൂൾ:
അഫ്ഗാനിസ്താനിൽ പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാൻ വെടിയുതിർത്ത് നടത്തിയ ആഘോഷ പ്രകടനത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. അഫ്ഗാൻ പ്രാദേശിക മാധ്യമമായ അസ്വകയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാൻ രംഗത്തെത്തിയത്. എന്നാൽ റിപ്പോർട്ട് പാക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പ്രതിരോധ സേന ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും വ്യക്തമാക്കി പ്രതിരോധസേനാ നേതാക്കൾ രംഗത്തെത്തിയിരുന്നു.

അതേസമയം മുല്ല ബറാദറായിരിക്കും താലിബാൻ സർക്കാരിനെ നയിക്കുക എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.