സാക്കിര്‍ തോമസ്‌ ആദായനികുതി ഇന്‍വെസ്‌റ്റിഗേഷന്‍ പ്രിന്‍സിപ്പല്‍ ഡയറക്‌ടറായി ചുമതലയേറ്റു

കൊച്ചി:
കേന്ദ്ര ആദായനികുതി വകുപ്പ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ പ്രിന്‍സിപ്പല്‍ ഡയറക്‌ടറായി മലയാളിയായ സാക്കിര്‍ തോമസ്‌ ചുമതലയേറ്റു.ബംഗളുരുവില്‍ പ്രിന്‍സിപ്പല്‍ കമ്മിഷണറായിരുന്നു. 1989 ബാച്ച്‌ ഇന്ത്യന്‍ റവന്യു സര്‍വീസ്‌ ഉദ്യോഗസ്‌ഥനായ സാക്കിര്‍ തോമസിന്‌ മധ്യമേഖല (കേരളം) പ്രിന്‍സിപ്പല്‍ കമ്മിഷണറുടെ അധിക ചുമതലയുമുണ്ട്‌. പാലാ സ്വദേശിയാണ്‌.
ഡേറ്റ അനലിറ്റിക്‌സ്‌, റിസ്‌ക്‌ അസസ്‌മെന്റ്‌ എന്നിവയുടെ സാധ്യതകള്‍ വകുപ്പില്‍ ആവിഷ്‌കരിക്കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ച സാക്കിര്‍, പ്രത്യക്ഷനികുതിയിലെ ഭരണനിര്‍വഹണത്തിന്‌ 2017-ല്‍ കേന്ദ്ര ധനമന്ത്രിയുടെ മെഡല്‍ നേടിയിട്ടുണ്ട്‌. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ്‌ ഡയറക്‌ടറേറ്റ്‌ ഓഫ്‌ റിസ്‌ക്‌ അസസ്‌മെന്റ്‌ സ്‌ഥാപിക്കുന്നതില്‍ മുഖ്യപങ്കാളിയായി.
പാലാ കിഴക്കേക്കര താഴത്ത്‌ കുടുംബാംഗമായ സാക്കിര്‍ തോമസ്‌, പാലാ സെന്റ്‌ തോമസ്‌ കോളജില്‍നിന്ന്‌ ബിരുദാനന്തര ബിരുദം നേടിയശേഷം അവിടെ അധ്യാപകനായിരുന്നു. പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷനില്‍ പിഎച്ച്‌.ഡിയും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന്‌ എല്‍എല്‍.ബിയും യു.എസില്‍നിന്ന്‌ ഇന്റലക്‌ച്വല്‍ പ്രോപ്പര്‍ട്ടിയില്‍ മാസ്‌റ്റേഴ്‌സ്‌ ബിരുദവും നേടി.
കോപ്പിറൈറ്റ്‌, പേറ്റന്റ്‌ നിയമങ്ങളില്‍ അന്തര്‍ദേശീയ പ്രബന്ധങ്ങള്‍ തയാറാക്കിയിട്ടുള്ള സാക്കിര്‍ കേന്ദ്ര സര്‍ക്കാരിന്‌ കീഴില്‍ കോപ്പിറൈറ്റ്‌ രജിസ്‌ട്രാറായും പ്രവര്‍ത്തിച്ചു. ഭാര്യ: മീതു, മക്കള്‍: തോമസ്‌, വിന്‍സെന്റ്