മാല പൊട്ടിച്ച ശേഷം തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; പ്രതിയെ പോലീസ് വെടിവെച്ചു കൊന്നു

തമിഴ്‌നാട് :
സ്ത്രീയുടെ മാലപൊട്ടിച്ച ശേഷം വെടിയുതിര്‍ത്ത് തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവെച്ചുകൊന്നു.തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂര്‍ ടോള്‍പ്ലാസക്ക് സമീപം ഞായറാഴ്ചയാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിയായ മുര്‍ത്താസ് ആണ് കൊല്ലപ്പെട്ടത്.ബസ് കാത്ത് നില്‍ക്കുകയായിരുന്ന 55 കാരിയെ മുര്‍ത്താസ്, അക്തര്‍ എന്നിവര്‍ ചേർന്ന് ആക്രമിക്കുകയായിരുന്നു. സ്ത്രീയുടെ കഴുത്തിലെ ഏഴുപവന്റെ മാല ഇവര്‍ പൊട്ടിച്ചു. സ്ത്രീ ബഹളം വെച്ചതോടെ അടുത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയപ്പോള്‍ മുര്‍ത്താസ് അരയില്‍ ഒളിപ്പിച്ച തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇവര്‍ സമീപത്തെ കാട്ടില്‍ കയറി ഒളിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നൂറിലേറെ പൊലീസുകാര്‍ കാട്ടില്‍ ഡ്രോണും മറ്റും ഉപയോഗിച്ച്‌ തിരച്ചില്‍ ആരംഭിച്ചു. കാട്ടില്‍ ഇവരുടെ സ്ഥാനം മനസ്സിലാക്കി പൊലീസ് ഇവര്‍ക്കടുത്തെത്തിയപ്പോള്‍ മുര്‍ത്താസ് വെടിവെച്ചു. തിരിച്ചുവെടിവെച്ച പൊലീസ് മുര്‍ത്താസിനെ കൊലപ്പെടുത്തുകയായിരുന്നു. കൂട്ടാളി അക്തര്‍ പൊലീസ് പിടിയിലായതാണ് സൂചന.