രാജ്യത്ത് കൊവിഡ് മൂന്നാം തരംഗ സൂചനയ്ക്കിടെ ആശ്വാസ വാർത്ത; രണ്ടാം ഡോസ് വാക്സിൻ എടുത്തവരിൽ മരണ നിരക്ക് കുറഞ്ഞു; 95 ശതമാനം കുറവ്

ന്യൂ ഡൽഹി:

കോവിഡ് രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറക്കാൻ വാക്‌സിനുകൾക്ക് സാധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിൽ പറയുന്നു.

രണ്ടു ഡോസ് വാക്‌സിൻ എടുത്തവരിൽ 95 ശതമാനവും ഒരു ഡോസ് എടുത്തവരിൽ 82 ശതമാനവും മരണനിരക്ക് കുറഞ്ഞു. ഏറ്റവും അപകടകാരിയായ ഡെൽറ്റ വൈറസിനെ പ്രതിരോധിക്കുന്നതിലും വാക്‌സിനുകൾ ഫലപ്രദമാണെന്ന് തെളിയിച്ചു.

ഏകദേശം 1,17,524 ഓളം പോലീസുകാരിൽ നടത്തിയ പഠനത്തിൽ 17,059 പേർ വാക്‌സിനുകൾ സ്വീകരിക്കാത്തതായും 32,729 ആളുകൾ ആദ്യ ഡോസും 67,673 പേർ പൂർണ്ണമായി വാക്‌സിനുകൾ സ്വീകരിച്ചതായും കണ്ടെത്തി.

വാക്‌സിൻ എടുക്കാത്ത 1000 പേരിൽ 1.17 പേർ മരണമടയുമ്പോൾ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ 0.21 ശതമാനമാണ് മരണനിരക്ക്. അതേസമയം, പൂർണ്ണമായി വാക്‌സിൻ സ്വീകരിച്ചവരിൽ 0.06 ആണ് മരണ നിരക്ക്.