കനത്ത മഴ: 85% നിറഞ്ഞ് ഇടുക്കി ഡാം: വടക്കൻ കേരളത്തിൽ മഴ തുടരും

മാങ്കുളം:
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയിലേക്ക് ഉയരുന്നു. ആകെ ശേഷിയുടെ 85 ശതമാനം വെള്ളംനിറഞ്ഞു.

ഇതിൽ 2390.8 അടി ആയാൽ നീലജാഗ്രത പ്രഖ്യാപിക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പ്രഖ്യാപിക്കാൻ ബുധനാഴ്ച രാവിലെതന്നെ കളക്ടർക്ക് ശുപാർശ നൽകുമെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു. 2403 അടിയാണ് ഡാമിലെ പരമാവധി ജലനിരപ്പ്.

ഇടുക്കി ഡാം ഉൾപ്പെടുന്ന മേഖലയിൽ രണ്ടുദിവസമായി കനത്തമഴയാണ് പെയ്യുന്നുണ്ട്. നീലജാഗ്രത പുറപ്പെടുവിച്ചാൽ ഡാമിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങും. പിന്നെ ഓരോ ദിവസത്തെയും ജലനിരപ്പ് നിരീക്ഷിച്ച് ആവശ്യത്തിന് മുൻകരുതൽ എടുക്കും.

റൂൾ കർവ് അനുസരിച്ച് 2390.86 അടിയിൽ നീലജാഗ്രത, 2396.8 അടിയിൽ ഓറഞ്ച് ജാഗ്രത, 2397.8 അടിയിൽ ചുവന്ന ജാഗ്രത എന്നിങ്ങനെയാണ് മുന്നറിയിപ്പ് നൽകേണ്ടത്.

അതിനുമേൽ ജലനിരപ്പുയർന്നാൽ പരമാവധി അനുവദനീയ ശേഷിയായ 2398.86 അടിയിൽ പത്തുദിവസം വരെ പിടിച്ചുനിർത്താം. അതിന് സാധിക്കണമെങ്കിൽ ചുവന്ന ജാഗ്രത കടന്നാൽ ഇടുക്കി പദ്ധതിയിലെ മൂന്ന് അണക്കെട്ടുകളിലൊന്നായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ട് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കേണ്ടിവരും.

അതേസമയം, അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി രണ്ടുദിവസം കൂടി തുടരും.
അതിനാൽ വടക്കൻ കേരളത്തിൽ മൂന്നുദിവസം മഴ തുടരും.

അഞ്ചുദിവസംകൂടി കനത്തമഴ പെയ്യുമെന്നതിനാൽ കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.