തോരാമഴ; സംസ്ഥാനത്ത് ആകെ മരണം 4 ആയി

തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്നലെ മുതൽ പെയ്യുന്ന മഴയിൽ വിവിധ അപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി. കൊല്ലത്ത് ഒരു വയോധികൻ തോട്ടിൽ വീണ് മരിച്ചു. കൊല്ലം തെൻമല നാഗമലയിൽ തോട്ടിൽ വീണ് വയോധികനാണ് മരിച്ചത്. നാഗമല സ്വദേശി ഗോവിന്ദരാജാണ് (65) മരിച്ചത്. വീട്ടിലേക്ക് പോകുമ്പോൾ റോഡ് മുറിച്ചു കടക്കവേ തോട്ടിൽ വീണാണ് അപകടമുണ്ടായത്. തോട് കരകവിഞ്ഞൊഴുകിയതോടെ തോടും റോഡും തിരിച്ചറിയാൻ കഴിയാതായതാണ് അപകടത്തിന് കാരണമായത്.

ഇന്ന് പുലർച്ചെ മലപ്പുറത്ത് വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. കരിപ്പൂർ മാതംകുളത്ത് മുഹമ്മദ്കുട്ടി എന്നയാളുടെ വീട് തകർന്നാണ്‌ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുഞ്ഞുങ്ങൾ മരിച്ചത്.മുഹമ്മദ് കുട്ടിയുടെ മകൾ സുമയ്യയുടെയും അബുവിന്റെയുംമക്കളായ റിസ്വാന (8), റിൻസാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് മണിക്കാണ് സംഭവം.

സമീപത്ത് പണിനടന്നുകൊണ്ടിരുന്ന ഒരു വീടിന്റെ മതിൽ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതേ തുടർന്നാണ് കുഞ്ഞുങ്ങൾ മരിച്ചത്. ഇവരുടെ മാതാപിതാക്കൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും എത്തി കുഞ്ഞുങ്ങളുടെ ശരീരം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.

ഇന്നലെ രാത്രി അടൂരിൽ ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം വീണ് മാധ്യമ പ്രവർത്തകൻ മരിച്ചിരുന്നു. ജന്മഭൂമി അടൂർ ലേഖകൻ പി ടി രാധാകൃഷ്ണ കുറുപ്പാണ് മരിച്ചത്. ജോലി കഴിഞ്ഞ് അടൂരിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ഇന്നലെ രാത്രി എട്ടുമണിയോടെ അടൂർ ചെന്നമ്പള്ളി ജംഗ്ഷൻ പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപമാണ് അപകടം സംഭവിച്ചത്.