ഇന്ത്യയുടെ കിരീടത്തിലെ രത്നങ്ങളെ മോദി സർക്കാർ വിറ്റ് നശിപ്പിക്കുന്നു ; കേന്ദ്ര സർക്കാരിന്റെ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി:
കേന്ദ്ര സർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ധനമന്ത്രി നിർമല സീതാരാമൻ അനാവരണം ചെയ്ത ദേശീയ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കഴിഞ്ഞ 70 കൊല്ലം ഭരിച്ച സർക്കാരുകൾ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപപ്പെടുത്തിയ പദ്ധതിയാണിതെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇന്ത്യയുടെ കിരീടത്തിലെ രത്നങ്ങളെയാണ് മോദി സർക്കാർ വിറ്റ് നശിപ്പിക്കുന്നത്.  ചില വ്യവസായി സുഹൃത്തുക്കളെ സഹായിക്കാൻ മോദി നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ഇത്തരം തീരുമാനങ്ങളെന്നും രാഹുൽ വിമർശിച്ചു. സ്വകാര്യവത്കരണത്തിന് കോൺഗ്രസ് എതിരല്ല എന്നാൽ തങ്ങളുടെ നയത്തിന് ഒരു യുക്തിയുണ്ടായിരുന്നു.മോദി സർക്കാരിന്റെ നയം രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്നും രാഹുൽ വിമർശിച്ചു.നിയമാനുസൃതമായ കൊള്ള, സംഘടിതമായ കവർച്ച എന്നാണ് കോൺഗ്രസ് മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതിയെ വിമർശിച്ചത്. രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടിലൂടെ പതിറ്റാണ്ടുകൾ കൊണ്ട് ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേന്ദ്രസർക്കാർ അവരുടെ കോടീശ്വരന്മാരായ ‘സുഹൃത്തുക്കൾക്ക് നൽകുകയാണെന്നും കോൺഗ്രസ് വിമർശിച്ചിരുന്നു.

നാല് വർഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികൾ വിറ്റഴിക്കുന്നതാണ് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസമാണ് ധനമന്ത്രി പദ്ധതി അനാവരണം ചെയ്തത്. പൂർണമായും വിറ്റഴിക്കുകയല്ലെന്നും ഉഉസ്ഥാവകാശം കേന്ദ്രത്തിന് തന്നെയാണെന്നും ഉദ്ഘാടന വേളയിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈന്റെ ഭാഗമായി റോഡുകൾ, റെയിൽവേ, എയർപോർട്ട്, ഗ്യാസ് ലൈനുകൾ തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്.