രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ പുന:സ്ഥാപിച്ചു

ന്യൂഡല്‍ഹി:
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ പുന:സ്ഥാപിച്ചു. ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ ബന്ധുക്കളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു രാഹുലിന്റെ അക്കൗണ്ട് കഴിഞ്ഞയാഴ്ച മരവിപ്പിച്ചത്.

കഴിഞ്ഞയാഴ്ച ദേശീയ ശിശുക്ഷേമ വകുപ്പ് രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് നിലവിലുള്ള ശിശുക്ഷേമ നിയമങ്ങളുടെ ലംഘനമാണ് രാഹുലിന്റെ ട്വീറ്റെന്ന് ശിശുക്ഷേമ വകുപ്പിന്റെ കത്തില്‍ പരാമര്‍ശിച്ചിരുന്നു.

എന്നാല്‍ ഇന്നലെ ഓണ്‍ലൈനില്‍ വന്ന രാഹുല്‍ തന്റെ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്ററിന്റെ നടപടിയോട് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ട്വിറ്ററിന്റെ നടപടിയെ രാജ്യത്തെ ജനാധിപത്യ ഘടനയോടുള്ള വെല്ലുവിളിയായി വിശേഷിപ്പിച്ച രാഹുല്‍ ട്വിറ്റര്‍ അനാവശ്യമായി ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് ഇടപെടുകയാണെന്നും ആരോപിച്ചു.

ട്വിറ്റര്‍ ഒരിക്കലും നിഷ്പക്ഷമായല്ല മറിച്ച്‌ സര്‍ക്കാരിന്റെ ചട്ടുകമായാണ് പ്രവര്‍ത്തിച്ചതെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ഇതിനു പിറകേയാണ് രാഹുലിന്റെ അക്കൗണ്ട് ട്വിറ്റര്‍ മടക്കി നല്‍കിയത്.