അർബുദത്തിന് പ്രോട്ടീൻ ചികിത്സ: ഗവേഷണം ആശാവഹമെന്ന് വിദഗ്ധർ

ന്യൂഡൽഹി:
ക്യാൻസർ പോലുള്ള മാരക രോഗങ്ങളുടെ ചികിത്സയിൽ പ്രൊട്ടീൻ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളും ചികിത്സാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച ഗവേഷണ പ്രവർത്തനങ്ങൾ ഏറെ പ്രതീക്ഷകൾ ഉണർത്തിയിട്ടുള്ളതായി മഹാത്മാഗാന്ധി സർവ്വകലാശാല – സ്കൂൾ ഓഫ് എനർജി മെറ്റീരിയൽ സ് പോളിഷ് സർവ്വകലാശാലകളുമായി സഹകരിച്ച് സ്ഥൂല തന്മാത്രാപഠനം സംബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ത്രിദിന അന്തർദ്ദേശീയ കോൺഫറൻസിൽ പങ്കെടുക്കുന്ന വിദഗ്ധർ. ചികിത്സാ -ഔഷധ നിർമ്മാണ രംഗത്ത് നാനോ ടെക്നോളജിയും ഏറെ സാധ്യതകൾ തുറന്നിട്ടുണ്ട്.
പോളിമർ സംയുക്തങ്ങളെ സമ്പുഷ്ടമാക്കുന്നതിൽ ഏറ്റവും അനുയോജ്യമായത് കാർഷിക മാലിന്യങ്ങളിൽ നിന്നുള്ള നാനോ സെല്ലുലോസുകളും മത്സ്യ വ്യവസായ മേഖലയിൽ നിന്ന് വരുന്ന നാനോ കൈറ്റിനുകളുമാണെന്ന് മലേഷ്യയിൽ നിന്നുള്ള പ്രഫ. ഇല്യാസ്, ഫ്രാൻസിൽ നിന്നുള്ള പ്രഫ. സൂസന്ന ഫെർണാണ്ടസ് എന്നിവർ അഭിപ്രായപ്പെട്ടു. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുന്ന വർത്തമാന കാലത്ത് ഈ രംഗത്തെ ഗവേഷണങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നു. ഇലക്ട്രോണിക്സ്, ടിഷ്യൂ എഞ്ചിനിയറിംഗ് മേഖലകളിൽ കാർഷിക മാലിന്യങ്ങളിൽ നിന്നും മത്സ്യമേഖലയലിൽ നിന്നുമുള്ള നാനോ സെല്ലുലോസുകൾക്കും നാനൊ കൈറ്റിനുകൾക്കും പ്രത്യേക പ്രാധാന്യമുണ്ട്.
ഓൺലൈനായി സംഘടിപ്പിച്ചിട്ടുള്ള ത്രിദിന കോൺഫ്രൻസ് ഇന്ന് (സെപ്തംബർ 12ന് ) സമാപിക്കും.