അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു; പോയത് താജിക്കിസ്താനിലേക്ക്; താലിബാൻ കമാൻഡർ കാബൂളിലേക്ക് ഉടൻ എത്തും

കാബൂൾ:
അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂൾ താലിബാൻ പിടിച്ചതായുള്ള വാർത്തകൾക്കു പിന്നാലെ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതായി റിപ്പോർട്ട്. ഗനിയും, അടുത്ത ഏതാനും പേരും രാജ്യം വിട്ടതായി അഫ്ഗാൻ മാധ്യമം റിപ്പോർട്ട് ചെയ്തു.

കാബൂളിൽനിന്ന് താജിക്കിസ്താനിലേക്കാണ് അഷ്‌റഫ് ഗനി പോയതെന്നാണ് വിവരം. ഇക്കാര്യം സർക്കാർ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു.

രാജ്യം വിടുന്നതിനു മുൻപ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ, താലിബാൻ കമാൻഡർ മുല്ല അബ്ദുൾ ഗാനി ബർദാർ ദോഹയിൽ നിന്ന് കാബൂളിലേക്ക് തിരിച്ചതായി താലിബാൻ വക്താവ് വ്യക്തമാക്കി.

കാബൂളിലേക്ക് താലിബാൻ ഭീകരർ പ്രവേശിച്ചതോടെ അധികാരമൊഴിയാൻ തയ്യാറാണെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ പരിഭ്രാന്തരാവരുത്. അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും അഫ്ഗാൻ ആഭ്യന്തരമന്ത്രി അബ്ദുൾ സത്താർ മിർസാക്ക്വൽ പറഞ്ഞു.