പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; 31 ഓളം ബില്ലുകൾ അവതരിപ്പിച്ചേക്കും.

ന്യൂ ഡൽഹി:
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമായി. 31 ഓളം ബില്ലുകൾ സർക്കാർ അവതരിപ്പിച്ചേക്കും. പുതിയ മന്ത്രിമാരെയും ഉൾപ്പെടുത്തി ആയിരിക്കും സമ്മേളനം.

ഇന്ധന വില വര്‍ധന, കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലെ വീഴ്ച, വാക്സീന്‍ ക്ഷാമം, കാര്‍ഷിക നിയമങ്ങള്‍, കൊവിഡ് മൂന്നാം തരംഗ ഭീഷണി തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കും.

‘സഭയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിട്ടുണ്ട്. ചര്‍ച്ച ആരോഗ്യകരമായിരിക്കണമെന്നും സഭയുടെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ കക്ഷികളുടെയും പിന്തുണ വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു’ – പാർലമെന്ററി കാര്യമന്ത്രി പ്രൽ‌ഹാദ് ജോഷി. സർവ കക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍വ്വ കക്ഷി യോഗത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യേകം യോഗം ചേര്‍ന്നു. ഇന്ധന വില വര്‍ധനവും കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധവും സഭയില്‍ പ്രതിപക്ഷം ഉയർത്തി കാട്ടും.