സൈനിക പിൻമാറ്റത്തിനു പിന്നാലെ പാഞ്ച്ഷിർ പ്രവിശ്യയിൽ താലിബാൻ ആക്രമണം; 8 ഭീകരർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്

കാബൂൾ:
അമേരിക്കൻ സേന അഫ്ഗാനിൽ നിന്ന് പൂർണമായി പിൻമാറി മണിക്കൂറുകൾക്കു പിന്നാലെ പാഞ്ച്ഷിർ പ്രവിശ്യയെ താലിബാൻ ആക്രമിച്ചു. പ്രതിരോധ സേനയുമായുള്ള പോരാട്ടത്തിൽ എട്ട് താലിബാൻ ഭീകരർ കൊല്ലപ്പെട്ടു.

പ്രതിരോധസേനയുടെ തലവനായ അഹമ്മദ് മസൂദിന്റെ വക്താവ് ഫഹിം ദഷ്തിയാണ് ആക്രമണം നടന്നുവെന്ന് സ്ഥിരീകരിച്ചത്. ഇരുവിഭാഗത്തിലെയും നിരവധിപേർക്ക് പരിക്കേറ്റതായും വക്താവ് സ്ഥിരീകരിച്ചു.

പാഞ്ച്ഷിർ മേഖലയിലെ ഇന്റർനെറ്റ് കണക്ഷൻ താലിബാൻ ഞായറാഴ്ച വിച്ഛേദിച്ചിരുന്നു. അഹമ്മദ് മസൂദിനൊപ്പം ചേർന്ന മുൻ വൈസ് പ്രസിഡന്റ് അമറുളള സലേ വിവരങ്ങൾ കൈമാറുന്നത് തടയാനായിരുന്നു നടപടി. അഫ്ഗാനിസ്താനിൽ താലിബാന് ഇനിയും പിടിച്ചെടുക്കാൻ കഴിയാത്ത പ്രവിശ്യയാണ് പാഞ്ച്ഷിർ.