മറ്റ് രാജ്യങ്ങളിൽ നിന്നെത്തുവർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി പാക്കിസ്ഥാൻ

ഇസ്ലാമാബാദ് :

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച്‌ പാകിസ്ഥാന്‍. ഇന്ത്യയുൾപ്പടെ 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാം. ഇന്ത്യയോടൊപ്പം ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാള്‍,​ അര്‍ജന്റീന,​ ദക്ഷിണാഫ്രിക്ക, ബ്രസീല്‍,​ ഇറാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.എന്നാൽ രാജ്യത്തെ കൊവിഡ് നിയന്ത്രിക്കാനായി പ്രാദേശികമായ യാത്രാ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുവാനും തീരുമാനമായി.മറ്റ് രാജ്യങ്ങളിലുള്ള പാക് പൗരന്മാര്‍ക്ക് മടങ്ങിയെത്തുവാൻ യാത്രക്ക് മുൻപ് 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പരിശോധന ഫലം കൈവശമുണ്ടായിരിക്കണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.പുതിയ നിയന്ത്രണങ്ങള്‍ ആഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ 10 മുതല്‍ രണ്ട് ഡോസ് വാക്സിനെടുക്കാത്ത 18 വയസിന് മുകളില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് രാജ്യത്തിനകത്ത് വിമാനയാത്ര അനുവദിക്കില്ല.