ഡൽഹിയിൽ പാക് ഭീകരനെ പിടികൂടി; ലക്ഷ്യം നവരാത്രി ദിനത്തിലെ സ്‌ഫോടനം; കേരളത്തിൽ ഉൾപ്പെടെ എൻ.ഐ.എ പരിശോധന

ന്യൂഡൽഹി:
ഡൽഹി ലക്ഷ്മി നഗറിൽ നിന്ന് പാകിസ്താൻ ഭീകരനെ പിടികൂടി. ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ആണ് ഭീകരനെ പിടികൂടിയത്. ഗ്രനേഡുകളും എ.കെ 47 തോക്കുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നവരാത്രി ദിനത്തിൽ സ്‌ഫോടനം നടത്തലായിരുന്നു ഭീകരന്റെ ലക്ഷ്യം. വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇയാൾ ഇന്ത്യയിൽ താമസിച്ചിരുന്നത്.

അതേസമയം കേരളത്തിലുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻ.ഐ.എ പരിശോധന നടത്തുകയാണ്. ഉത്തരേന്ത്യയിൽ മാത്രം 18 സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഡൽഹി, യു.പി, കശ്മീർ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നവരെ തേടിയാണ് ഉത്തരേന്ത്യയിൽ റെയ്ഡ് നടക്കുന്നത്.ലഷ്‌കർ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ സംഘടനകൾക്ക് സഹായം നൽകുന്നവരെയാണ് തേടുന്നത്.

രാജ്യവ്യാപകമായി റെയ്ഡ് നടത്തുന്നതിന്റെ ഭാഗമായി കേരളത്തിലും തമിഴ്‌നാട്ടിലും എൻ.ഐ.ഐ പരിശോധന പുരോഗമിക്കുകയാണ്. കേരളത്തിൽ തൃശ്ശൂർ, വയനാട്, കണ്ണൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്. മാവോയിസ്റ്റുകളെ തേടിയാണ് കേരളത്തിലും തമിഴ്‌നാട്ടിലും റെയ്ഡ് പുരോഗമിക്കുന്നത്. തമിഴ്‌നാട്ടിൽ കോയമ്പത്തൂരിലാണ് റെയഡ് നടക്കുന്നത്. പുളിയങ്കുളം, സുങ്കം, പൊള്ളാച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന റെയ്ഡിൽ കേരളത്തിൽ പിടിയിലായ മാവോയിസ്റ്റ് നേതാവുമായി അടുത്ത ബന്ധമുള്ളവരെയാണ് തേടുന്നത്.