അഫ്ഗാനിസ്താനിൽ നിന്നും 222 ഇന്ത്യാക്കാരെ തിരികെ നാട്ടിൽ എത്തിച്ചു; രക്ഷാദൗത്യങ്ങൾ തുടരും

കാബൂൾ:
താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനിൽ നിന്നും 222 ഇന്ത്യാക്കാരെ നാട്ടിൽ എത്തിച്ചു. രണ്ടു വിമാനങ്ങളിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്.

ഒരു വിമാനം താജിക്കിസ്ഥാൻ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ഡൽഹിയിലെത്തിയത്. ദോഹയിൽ നിന്നുള്ള വിമാനത്തിൽ 135 ഇന്ത്യൻ പൗരന്മാരും താജിക്കിസ്ഥാനിൽ നിന്നുള്ള വിമാനത്തിൽ 87 ഇന്ത്യൻ പൗരന്മാരും 2 നേപ്പാൾ പൗരന്മാരുമാണ് ഉണ്ടായിരുന്നത്. രക്ഷാദൗത്യങ്ങൾ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, കാബൂളിൽ നിന്ന് 107 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 168 യാത്രക്കാരുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൂടി ഡൽഹിയിലേക്ക് യാത്രതിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ അറിയിച്ചു.