ഇന്ത്യക്കെതിരെ ശക്തമായ നീക്കവുമായി ചൈന ; വിവാദ വെളിപ്പെടുത്തലുകളുമായി ഐക്യരാഷ്​ട്രസഭയിലെ യു.എസ് അംബാസഡറായിരുന്ന നിക്കി ഹാലി

വാഷിങ്​ടണ്‍:
അഫ്​ഗാനിലെ ബഗ്രാം വ്യോമതാവളം കൈയടക്കാനും പാകിസ്​താനെ ഇന്ത്യക്കെതിരാക്കാനും ശക്തമായ ശ്രമം ചൈന നടത്തുകയാണെന്ന് യു.എസ്​ മുന്‍ നയതന്ത്ര പ്രതിനിധി നിക്കി ഹാലി പറഞ്ഞു.അഫ്​ഗാനില്‍ നിന്നുള്ള ധിറുതിപിടിച്ച​ സൈനിക പിന്മാറ്റത്തോടെ അമേരിക്കന്‍ പ്രസിഡന്‍റ്​ ജോ ബൈഡനില്‍ സഖ്യകക്ഷികള്‍ക്കും അമേരിക്കന്‍ ജനതക്കും​ വിശ്വാസം നഷ്​ടപ്പെട്ടുവെന്നും ട്രംപ്​ ഭരണകാലത്ത്​ ഐക്യരാഷ്​ട്രസഭയിലെ യു.എസി​ന്റെ അംബാസഡറായിരുന്ന നിക്കി ഹാലി ചൂണ്ടിക്കാട്ടി.
യു.എസിനു മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്​. അഫ്​ഗാനികള്‍ സുരക്ഷിതരാണോയെന്ന്​ ഉറപ്പുവരുത്താന്‍ യു.എസിനു ബാധ്യതയുണ്ട്​. ചൈനയെ യു.എസ്​ സൂക്ഷ്​മമായി നിരീക്ഷിക്കണം. സഖ്യകക്ഷികളുമായുള്ള ബന്ധം ബൈഡന്‍ കൂടുതല്‍ ശക്​തിപ്പെടുത്തണം. സൈന്യത്തെ ആധുനികവത്​കരിക്കണം. സൈബര്‍ ആക്രമണങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും​ അതേരീതിയില്‍ തിരിച്ചടി നല്‍കണമെന്നും നിക്കി ആവശ്യപ്പെട്ടു.അടിക്കടി റഷ്യ സൈബര്‍ ആക്രമണം നടത്തിയിട്ടും അമേരിക്ക ഒന്നു തിരിച്ചടിക്കുകപോലും ചെയ്​തി​ല്ലെന്നും അവര്‍ കുറ്റപ്പെടുത്തി. കോടിക്കണക്കിന്​ ഡോളറുകള്‍ വിലയുള്ള ആയുധങ്ങളടക്കം ഉപേക്ഷിച്ചാണ്​ അമേരിക്കന്‍ സൈനികര്‍ അഫ്​ഗാന്‍ വിട്ടത്​. അവരുടെ പിന്മാറ്റത്തിനു പിന്നാലെ തെരുവുകളില്‍ താലിബാന്‍ സായുധസംഘത്തി​ന്റെ ആഹ്ലാദപ്രകടനവും എല്ലാവരും കണ്ടു. ഇതുപോലൊരു ദുരവസ്​ഥ നമുക്കുണ്ടായിട്ടില്ല. ലോകം വലിയ അപകടം നിറഞ്ഞതാണ്​. അഫ്​ഗാനില്‍നിന്ന്​ അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ യുദ്ധം അവസാനിക്കാന്‍ പോകുന്നില്ലെന്നും നിക്കി അഭിപ്രായപ്പെട്ടു.