കർണാടകയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനേയും സഹായിയേയും എന്‍.ഐ.എ പിടികൂടി; പിടിയിലായവർ അഫ്ഗാനിസ്താനിലേയും സിറിയയിലെയും ഭീകരരുമായി നേരിട്ട് ബന്ധമുള്ളവർ

ബംഗളൂർ:
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ കര്‍ണാടകയില്‍ നിന്ന് പിടികൂടി. എന്‍.ഐ.എ.യും കര്‍ണാടക പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് അബു ഹാജിര്‍ അല്‍ ബദ്രി എന്ന ജുഫ്രി ജവഹര്‍ ദാമുദിയെ അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ഭട്കലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജുഫ്രി ജവഹര്‍ ദാമുദിയെ കൂടാതെ പ്രധാന സഹായികളിലൊരാളായ അമീന്‍ സുഹൈബിനെയും എന്‍.ഐ.എ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്താനിലേയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കളുമായി ഇയാള്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നു.

ഐ.എസ്.ഐ.എസ്. ആശയങ്ങളുടെ പ്രചാരണത്തിന് പുറമേ ആയുധങ്ങളും സ്ഫോടകവസ്തുക്കളും വാങ്ങല്‍, ഭീകരര്‍ക്കുള്ള ധനസഹായം, റിക്രൂട്ട്മെന്റ് എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇയാള്‍ പിന്തുണ നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്.

പോലീസ് ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരും അടക്കമുള്ളവരെ കൊലപ്പെടുത്താനും ക്ഷേത്രങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാശമുണ്ടാക്കാനും ഇയാള്‍ സൈബര്‍ അനുയായികളെ പ്രേരിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ഏജന്‍സികള്‍ പിടികൂടുന്നത് ഒഴിവാക്കാനുള്ള മുന്‍കരുതലുകളും ഇയാള്‍ എടുത്തിരുന്നതായാണ് വിവരം.

ജൂലായില്‍ അറസ്റ്റിലായ ഉമര്‍ നിസാറിന്റെ വെളിപ്പെടുത്തലുകളുടേയും വിദേശ ഏജന്‍സികളുമായുള്ള ഏകോപനത്തിന്റേയും ഫലമായാണ് രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ ഇയാളിലേക്ക് എത്തിയത്.