ആറുമാസത്തെ ഇടവേളയ്ക്കുശേഷം ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചു ; നിയന്ത്രണങ്ങൾ ശക്തമാക്കി ന്യൂസിലാന്റ്

വെല്ലിങ്ടണ്‍: 
ആറുമാസത്തെ ഇടവേളയ്ക്കുശേഷം ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി ന്യൂസിലന്റ്. കൊവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച രാജ്യങ്ങളിലൊന്നാണ് 50 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ന്യൂസിലന്റ്. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ ചൊവ്വാഴ്ച രാത്രി മുതല്‍ മൂന്നുദിവസത്തേയ്ക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂസിലന്റിലെ വലിയ നഗരമായ ഓക്ക്‌ലാന്റിൽ വാക്‌സിന്‍ സ്വീകരിക്കാത്ത 58 വയസ്സുള്ള പുരുഷനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിരുന്നുവെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ പോയിരുന്നുവെന്നും ആരോഗ്യഡയറക്ടര്‍ ജനറല്‍ ആഷ്‌ലി ബ്ലുംഫീല്‍ഡ് പറഞ്ഞു.ഓക്ക്‌ലാന്റും ഇയാള്‍ യാത്ര ചെയ്ത കൊറമണ്ഡല്‍ ഉപദ്വീപും ഒരാഴ്ചത്തേക്ക് ലെവല്‍ നാല് ലോക്ക് ഡൗണിലായിരിക്കും. വൈറസ് സ്ഥിരീകരിച്ചത് വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണെന്നാണ് അനുമാനമെന്നും സൂക്ഷ്മപരിശോധന നടത്തിവരികയാണെന്നും പ്രധാനമന്ത്രി ജസീന്ത ആന്‍ഡേന്‍ ചൊവ്വാഴ്ച പറഞ്ഞു. ആറ് മാസമായി വൈറസുകളൊന്നും ന്യൂസിലന്റില്‍ റിപോര്‍ട്ട് ചെയ്തിരുന്നില്ല. കര്‍ശന വ്യവസ്ഥകളോടെയാണ് ന്യൂസിലന്റില്‍ ഇപ്പോൾ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എല്ലാവരും വീട്ടിനുള്ളില്‍തന്നെ കഴിയണമെന്നും സൂപ്പര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും ഒഴികെയുള്ള എല്ലാ കടകളും അടച്ചിടണമെന്നും നിർദേശമുണ്ട്. ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഒടുവിലത്തെ രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്റ്. ന്യൂസിലന്റില്‍ ഇതുവരെ കൊവിഡ് ബാധിച്ചത് മരണപ്പെട്ടത് 26 പേര്‍ മാത്രവും.
അതിര്‍ത്തികള്‍ അടച്ചിട്ടും പുറത്തുനിന്നെത്തിയവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യങ്ങളൊരുക്കിയുമാണ് ന്യൂസിലന്റ് കൊവിഡിനെ പ്രതിരോധിച്ചത്. ഇതിന് ന്യൂസിലന്റ് വലിയ തോതില്‍ പ്രശംസയും നേടി. അതേസമയം, രാജ്യത്തെ വാക്‌സിനേഷന്റെ കണക്ക് കുറവാണ്. ജനസംഖ്യയുടെ 20 ശതമാനത്തോളം പേര്‍ക്ക് മാത്രമാണ് പൂര്‍ണമായി കുത്തിവയ്പ്പ് നല്‍കിയത്.