ബിസിനസുകാരെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി അബുദാബി; അബുദാബിയിൽ ബിസിനസ് തുടങ്ങാനും ലൈസന്‍സ് പുതുക്കാനും ഇനി ആയിരം ദിർഹം മതി

അബുദാബി:
ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ പദ്ധതിയുമായി അബുദാബി. ആയിരം ദിര്‍ഹത്തിന് ഇനി മുതൽ അബുദാബിയിൽ ബിസിനസ് തുടങ്ങാനും ലൈസന്‍സ് പുതുക്കാനും കഴിയും. സ്വകാര്യമേഖലയുടെ ശാക്തീകരണത്തെ മുന്നിൽ കണ്ടാണ് ഫീസില്‍ 90 ശതമാനത്തിലേറെ ഇളവ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അബുദാബിയെ ബിസിനസ് സൗഹൃദ എമിറേറ്റാക്കി മാറ്റുകയും ഒപ്പം മത്സരക്ഷമത മേഖല രാജ്യാന്തര തലത്തിലേക്കു എത്തിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ന് മുതല്‍ നടപടി പ്രാബല്യത്തില്‍ വരും
ബിസിനസ് ലൈസന്‍സിനൊപ്പം സാമ്പത്തിക വികസന വിഭാഗം, നഗരസഭ, ചേംബര്‍ ഓഫ് കൊമേഴ്‌സ്, സര്‍ട്ടിഫിക്കറ്റ് ഓഫ് കണ്‍ഫര്‍മിറ്റി ഫീസ് തുടങ്ങി ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫീസുകളെല്ലാം ഇതിൽ ഉൾപ്പെടും. ബിസിനസ് ആരംഭിക്കുന്നതിനായി ചില വകുപ്പുകള്‍ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കുകയും മറ്റു ചില വകുപ്പുകള്‍ വലിയ തോതില്‍ ഇളവ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയതും നിലവിലുള്ളതുമായ നിക്ഷേപകര്‍ക്ക് ബിസിനസ് തുടങ്ങാന്‍ ലളിതവും സുതാര്യവുമായ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അബുദാബി സാമ്പത്തിക വികസന വിഭാഗം ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷറഫ് പറഞ്ഞു.
അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണു ഈ പദ്ധതി നടപ്പാക്കുന്നത്.