നെടുമുടി വേണുവിന്റെ സംസ്കാരം നാളെ തിരുവനന്തപുരത്ത്; പൊതുദർശനം ഉണ്ടാകും

തിരുവനന്തപുരം:
നടൻ നെടുമുടി വേണുവിന്റെ സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. നാളെ പൊതുദർശനം ഉണ്ടാകും. നിലവിൽ കിംസ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് ആണ് കൊണ്ടുപോകുക.

ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലായിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. നിരവധി നാടകങ്ങളിലും, അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണുവിന്റെ ജനനം നെടുമുടിയിലെ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്. ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്ര പ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അധ്യാപകനായും പ്രവർത്തിച്ചു.

1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു നെടുമുടി വേണുവിന്റെ അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനുവഴിയൊരുക്കി. 1989ൽ പൂരം എന്ന ചിത്രം സംവിധാനം ചെയ്തു.

ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2003ൽ ദേശീയ അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. 1981, 1987, 2004 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. 1980, 1994 വർഷങ്ങളിൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ ആണ് ഇറങ്ങാനുള്ള സിനിമ.