ആടിതിമർത്ത വേഷങ്ങൾ ബാക്കിവെച്ച് അതുല്യനടൻ ഓർമ്മയായി

തിരുവനന്തപുരം:
കാലം എത്ര കഴിഞ്ഞാലും പകരക്കാനില്ലാത്ത ഒരുപിടി നല്ല ഓർമ്മകൾ ബാക്കിവെച്ച് അഭിനയകുലപതി നെടുമുടി വേണു ഓർമ്മയായി. സംസ്ഥാന സർക്കാരിന്റെ പൂർണബഹുമതികളോടു കൂടി നെടുമുടിയുടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. മകൻ ഉണ്ണിയാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.

ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരുന്ന അയ്യൻകാളി ഹാളിലേക്ക് സിനിമാ സാംസ്‌കാരിക പൊതുമേഖലയിൽ നിന്നുള്ള നിരവധിപേർ എത്തി. ഉച്ചയ്ക്ക് 12.30ന് പൊതുദർശനം അവസാനിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ, അഹമ്മദ് ദേവർകോവിൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. നടൻ വിനീത്, മണിയൻപിള്ള രാജു, മധുപാൽ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവർ മൃതദേഹത്തെ അനുഗമിച്ച് അയ്യങ്കാളി ഹാളിലെത്തി. ഇന്നലെ രാത്രി തന്നെ മമ്മൂട്ടിയും മോഹൻലാലും വേണുവിന്റെ വട്ടിയൂർക്കാവിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് തിങ്കളാഴ്ച കാലത്ത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നെടുമുടിയുടെ അന്ത്യം.