നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കും ; സന്ദർശനം രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം

ന്യൂഡല്‍ഹി:
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദ‌ര്‍ശനം നടത്തുന്നു.ഈ മാസം 22 മുതല്‍ 27 വരെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനം ഏറ്റെടുത്തിട്ട് മോദി നടത്തുന്ന ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.ഇതിനു മുൻപ് 2019ലാണ് മോദി അവസാനമായി അമേരിക്കന്‍ പര്യടനം നടത്തിയത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജൊണാള്‍ഡ് ട്രംപിനോടൊപ്പം ഹൂസ്റ്റണില്‍ ഒരു വന്‍ ജനാവലിയെ മോദി അഭിമുഖീകരിച്ചിരുന്നു. സന്ദര്‍ശനവേളയില്‍ ബൈഡനുമായി മോദി കൂടികാഴ്ച നടത്തും.അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഇരു നേതാക്കളും ചര്‍ച്ച ചെയ്തേക്കുമെന്ന് സൂചനയുണ്ട്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ പിന്മാറ്റത്തില്‍ ഇന്ത്യ വെറുമൊരു കാഴ്ചക്കാരനായി നിന്നുവെന്ന് അന്താരാഷ്ട്ര സമൂഹങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. അതു കൂടാതെ, അഫ്‌ഗാനിസ്ഥാനില്‍ അമേരിക്കക്ക് ഉണ്ടായിരുന്ന ആയുധങ്ങളില്‍ ഒരു ഭാഗം പാകിസ്ഥാനിലേക്ക് മാറ്റിയതായും വാര്‍ത്തകളുണ്ടായിരുന്നു. അമേരിക്ക ഇന്ത്യയില്‍ നിന്നും അകന്ന് പാകിസ്ഥാനോട് അടുക്കുകയാണെന്ന സൂചന നിലനില്‍ക്കുന്നതിനാല്‍ ഇതിന്മേലുള്ള ഇന്ത്യയുടെ ആശങ്ക മോദി ബൈഡനെ അറിയിക്കുമെന്ന് സ‌ര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കൂടികാഴ്ചക്കു ശേഷം മോദി ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കും.