ലോകത്തിന് മുന്നിൽ വിറച്ചു നിന്ന് മ്യാൻമാർ: കൊവിഡ് കാലത്ത് മ്യാൻമാറിലെ ജനങ്ങൾക്ക് മുന്നിൽ ഇരട്ട പ്രതിസന്ധി; തകർന്ന ഭരണവും മരിച്ചു വീഴുന്ന ജനങ്ങളും

നൈപിറ്റ്വേ:
കൊവിഡ് കാലത്ത് മ്യാൻമാർ എന്ന കൊച്ചുരാജ്യത്തെ ജനങ്ങൾ നേരിട്ടുന്നത് ഇരട്ട പ്രതിസന്ധി. കൊവിഡിനെ തുടർന്നു രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ ഓക്‌സിജൻ ലഭിക്കാതെയും, രോഗം മൂർച്ഛിച്ചും മരിച്ചു വീഴുമ്പോൾ, സൈനിക അട്ടിമറിയിലൂടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച സൈന്യം നടത്തുന്ന ക്രൂരതകളാണ് രാജ്യത്തെ ജനങ്ങളെ മറ്റൊരു വെല്ലുവിളിയിൽ കൊണ്ടെത്തിക്കുന്നത്. കൊവിഡ് മഹാമാരി ലോകം മുഴുവൻ പടർന്നു പിടിക്കുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് രാജ്യത്തിന്റെ അധികാരം സൈന്യം ജനാധിപത്യ സർക്കാരിൽ നിന്നും തിരികെ പിടിക്കുന്നത്. സൈനിക അട്ടിമറിയിലൂടെ ആൻ സാൻ സൂക്കി നേതൃത്വം നൽകിയ സർക്കാരിനെ അട്ടിമറിച്ച മ്യാൻമാർ പട്ടാളം സാധാരണക്കാർ അടക്കമുള്ളവരെ പ്രതിസന്ധിയിലാക്കി.

ഇതിനു പിന്നാലെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയെങ്കിലും എല്ലാത്തിനെയും അടിച്ചമർത്തുന്നതിനായിരുന്നു സൈന്യം നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രഖ്യാപിത ശ്രമം.
പ്രതിഷേധം ശക്തമായതോടെ ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരെയാണ് രാജ്യത്തു നിന്നു പുറത്താക്കിയതും, തടവിൽ പാർപ്പിച്ചതും. ഇതോടെ രാജ്യത്തെ കൊവിഡ് പ്രതിരോധ സംവിധാനം പൂർണമായും പ്രതിസന്ധിയിലായി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അടക്കം താളം തെറ്റുകയും ചെയ്തു. ആദ്യ ഘട്ട കൊവിഡിനെ പോലും ശരിയായി പ്രതിരോധിക്കാനാവാതെ രാജ്യം പകച്ചു നിന്ന സാഹചര്യത്തിലാണ് രാജ്യത്ത് കൊവിഡ് ഡെൽറ്റാ വേരിയെന്റ് കൂടി റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിൽ ഡെൽറ്റാ വേരിയെന്റ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത് രാജ്യത്തെ പ്രതിസന്ധി ഇരട്ടിയാക്കി.


കൊവിഡ് പ്രതിസന്ധിക്കാലത്ത് ഓക്‌സിജൻ കിട്ടാതെ സാധാരണക്കാർ നരകിയ്ക്കുമ്പോൾ, സൈനിക സർക്കാർ പൊതുജനങ്ങൾക്ക് നേരിട്ട് ഓക്‌സിജൻ വിൽക്കുന്നത് നിരോധിച്ചു. എന്നാൽ, സർക്കാർ നിരോധിച്ചിട്ടും സിലിണ്ടറുകൾ വാങ്ങുകയോ വീണ്ടും നിറയ്ക്കുകയോ ചെയ്യാമെന്ന പ്രതീക്ഷയിൽ ആളുകൾ ഓക്‌സിജൻ ഫാക്ടറികൾക്ക് പുറത്ത് കൂട്ടംകൂടി നിൽക്കുന്നത് ഏറെ വേദനാജനകമായ കാഴ്ചയാണ്. മ്യാൻമാറിലെ മിക്ക ശ്മശാനങ്ങളും മൃതശരീരങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.
രാജ്യത്തെ ജനങ്ങൾക്ക് മരിക്കാൻ രണ്ടു മാർഗങ്ങളുണ്ട്. ഒന്ന് സുരക്ഷാ കാരണങ്ങളാണ് സൈന്യത്തിന്റെ വെടിയേറ്റ്, അല്ലെങ്കിൽ തടവിൽ കിടന്ന് മരിക്കുക. ഇല്ലെങ്കിൽ കൊവിഡ് ബാധിച്ച് ശ്വാസം മുട്ടി മരിക്കുക – പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മ്യാൻമാറിലെ പത്രപ്രവർത്തകൻ വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ 280,000 കേസുകളും 8,200 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം അതിതീവ്രമായ പ്രദേശങ്ങളിൽ പോലും സൈനിക ഭരണകൂടം പരിമിതമായ പരിശോധനകൾക്കു നിർദേശം നൽകിയിരിക്കുന്നതു കാരണം കേസ് നമ്പറുകൾ വളരെ കുറച്ചുകാണുന്നുവെന്നാണ് വിലിയിരുത്തൽ. ജൂലൈയിൽ ഏകദേശം 54 ദശലക്ഷം ആളുകൾ മ്യാൻമാറിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവിടെ, പ്രതിദിനം 9,000 മുതൽ 17,000 വരെ ആളുകളെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കിയിരിക്കുന്നത്. ആശുപത്രികളിലും, മറ്റ് ആരോഗ്യ കേന്ദ്രങ്ങളിൽ മരിക്കുന്നവരെ മാത്രമാണ് കൊവിഡിന്റെ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് കാലത്ത് സൈനിക ഭരണകൂടത്തിന് എതിരായ പ്രക്ഷോഭങ്ങളുടെ പേരിൽ ജയിലിൽ അടയക്കപ്പെട്ട പലരും കൊവിഡ് വന്ന് മരിച്ചിട്ടുണ്ട്. എന്നാൽ, ഈ മരണ കണക്കുകൾ ഒന്നും കൊവിഡിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അൻപതോളം തടവുകാരെ ഒന്നിച്ചാണ് ആ സമയത്ത് ജയിലിൽ പാർപ്പിച്ചിരുന്നത്. ഇത് ഗുരുതരമായ കൊവിഡ് സ്ഥിതിയിലേയ്ക്കു രാജ്യത്തെ ജയിലുകളെ എത്തിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതൊന്നും പുറത്തു വിടാൻ ഇനിയും സൈനിക ഭരണകൂടം തയ്യാറായിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.