മുണ്ടക്കയത്ത് നിരോധിത മയക്കുമരുന്ന് പിടികൂടി

കോട്ടയം :
നിരോധിക്കപ്പെട്ട മയക്കുമരുന്നായ എൽ.എസ്. ഡി യും, 40 ഗ്രാം കഞ്ചാവുമായി 6 യുവാക്കളെ പൊലീസ് പിടികൂടി. കണ്ണിമല കുരിശുംമൂട്ടിൽ ‍ സഹോദരങ്ങളായ ആൽബിൻ(18), അലൻ(20), കനകപ്പലം പൊരിയൻമല കൊച്ചുകങ്കോലിൽ അനന്തഗോപൻ (20), കൂവപ്പള്ളി കുറുവാമുഴി കരിമ്പനക്കുന്നേൽ ‍അമൽ പൊന്നാച്ചൻ (20), ഇടക്കുന്നം വാരിക്കാട്ട് കിരൺ എസ്(23), എരുമേലി ഈറക്കൽ മുഹമ്മദ് ഷിബിൻ(22) എന്നിവരെയാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്. എരുമേലി,മുണ്ടക്കയം മേഖലകളിലെ വിദ്യാർഥികളടക്കം ഉള്ളവർക്ക് കഞ്ചാവും മയക്കുമരുന്നും എത്തിച്ചു നൽകുന്ന സംഘത്തിൽ പെട്ടവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്റെ നിർദ്ദേശാനുസരണം, മുണ്ടക്കയം സർക്കിൾ ഇൻസ്പെക്ടർ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണിമല ഉറുമ്പിപാലം ഭാഗത്തും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ അലന്റെ ആൾത്താമസമില്ലാത്ത വീട്ടിൽ കഞ്ചാവ് സംഘം ഉണ്ടെന്ന് രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.